NEWS
ഡ്രൈ ഡേയിൽ മദ്യവിൽപന: ഓച്ചിറയിൽ വീട്ടിൽ നിന്ന് 124 കുപ്പി മദ്യം പിടികൂടി

കൊല്ലം∙ ഓച്ചിറയിലെ ചങ്ങൻകുളങ്ങരയിലുള്ള സ്വകാര്യ വസതിയിൽ നിന്ന് വൻതോതിൽ മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തു. കൊച്ചു മഠത്തിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ (49) വീട്ടിൽ നടത്തിയ റെയ്ഡിലാണ് വൻ മദ്യശേഖരം കണ്ടെത്തിയത്.
മദ്യവിൽപന നിരോധിച്ച ഡ്രൈ ഡേ ദിനത്തിൽ രഹസ്യമായി കച്ചവടം നടത്തുന്നതിനിടെയാണ് ഇയാൾ എക്സൈസ് ഉദ്യോഗസ്ഥരുടെ വലയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ 124 കുപ്പികളാണ് (62 ലിറ്റർ) അധികൃതർ പിടിച്ചെടുത്തത്. സംഭവത്തിൽ ഗോപാലകൃഷ്ണനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.




