ഇസ്രയേൽ പ്രധാനമന്ത്രിയെ നേരിട്ടു തിരഞ്ഞെടുക്കാൻ പ്രതിപക്ഷ ബിൽ; നെതന്യാഹുവിന്റെ പദവി പ്രതിസന്ധിയിൽ

ജറുസലം∙ ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിനു ശേഷം നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ, പ്രധാനമന്ത്രിയെ നേരിട്ട് തിരഞ്ഞെടുക്കുന്നതിനുള്ള നിയമനിർമ്മാണവുമായി മുന്നോട്ട് പോകാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ സഖ്യം. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ, അറബ് പാർട്ടികളുടെ പിന്തുണയില്ലാതെ തന്നെ ഒരു ന്യൂനപക്ഷ സർക്കാർ രൂപീകരിക്കുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നിലെന്ന് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്യുന്നു.
വോട്ടർമാർക്ക് നേരിട്ട് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ അവസരമൊരുക്കുന്ന ബില്ലാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. ഈ ബിൽ നിയമമായാൽ, നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ വിജയിക്കുന്ന സ്ഥാനാർഥിക്ക് കേവല ഭൂരിപക്ഷം ഇല്ലെങ്കിൽ പോലും ഭരണം കൈയാളാൻ സാധിക്കും. 2021-ലെ തിരഞ്ഞെടുപ്പിൽ പരാജയം രുചിച്ച സമയത്ത് നെതന്യാഹുവും സമാനമായൊരു നിർദ്ദേശം ഉയർത്തിയിരുന്നു. എന്നാൽ, നിലവിലെ ഇസ്രയേൽ നിയമങ്ങളിൽ ഭേദഗതി വരുത്തണമെങ്കിൽ പാർലമെന്റിലെ 61 അംഗങ്ങളുടെ പിന്തുണ അനിവാര്യമാണ്.




