NEWS

വയറുവേദനയെത്തുടർന്ന് ചികിത്സ തേടിയ വനിതയുടെ വയറ്റിൽ തയ്യൽ സൂചി കണ്ടെത്തി

മെൽബൺ∙ ഏകദേശം ഒരു ദിവസത്തോളമായി വിട്ടുമാറാതെ അലട്ടിയ രൂക്ഷമായ ഉദരവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്പതുകാരിയുടെ വയറ്റിൽ നിന്നും തയ്യൽ സൂചി കണ്ടെടുത്തു. നാല് സെന്റീമീറ്റർ നീളമുള്ള സൂചിയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഓസ്ട്രേലിയയിലെ ജോൺ ഹണ്ടർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരാണ് അപൂർവ്വമായ ഈ ചികിത്സാ അനുഭവം ലോകത്തെ അറിയിച്ചത്. പ്രമുഖ മെഡിക്കൽ ജേണലായ ‘ജേണൽ ഓഫ് സർജിക്കൽ കേസ് റിപ്പോർട്ട്സി’ൽ ഈ സംഭവം സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തീവ്രമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ സ്ത്രീയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ 130 എന്ന അസാധാരണ നിരക്കിലായിരുന്നു. പ്രാഥമിക പരിശോധനകളിൽ രക്തത്തിൽ വലിയ അസ്വാഭാവികതകൾ ഒന്നും പ്രകടമായില്ല. തുടർന്ന് നടത്തിയ വിശദമായ സിടി സ്കാനിലാണ് വയറിന്റെ ഇടതുഭാഗത്ത് നാല് സെന്റീമീറ്റർ നീളമുള്ള ലോഹനിർമ്മിതമായ വസ്തു ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ അത്യാവശ്യമായ അണുബാധയോ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായ മുറിവുകളോ ഉണ്ടായതിന്റെ ലക്ഷണങ്ങൾ അപ്പോൾ ഉണ്ടായിരുന്നില്ല. ഈ ലോഹവസ്തു എങ്ങനെയാണ് ശരീരത്തിനുള്ളിൽ എത്തിയതെന്ന കാര്യത്തിൽ രോഗിക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.

അടിയന്തര ശസ്ത്രക്രിയയ്ക്കിടെ ചെറുകുടലിനെ താങ്ങിനിർത്തുന്ന കലകൾക്ക് സമീപത്തായി നേരിയ തോതിൽ രക്തം കട്ടപിടിച്ചിരിക്കുന്നത് ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെട്ടു. എങ്കിലും, സൂചി കൃത്യമായി എവിടെയാണെന്ന് കണ്ടെത്തുന്നതിൽ വലിയ വെല്ലുവിളികൾ ഉണ്ടായിരുന്നു. ഒടുവിൽ തുടർച്ചയായി എക്സ്-റേ പരിശോധനകൾ നടത്തുകയും ലാപ്രോസ്കോപ്പിക് സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്തതിലൂടെയാണ് സൂചിയുടെ സ്ഥാനം കൃത്യമായി തിരിച്ചറിഞ്ഞ് പുറത്തെടുക്കാൻ സാധിച്ചത്.

Fashion ⏭️

Back to top button