HEALTH

‘20 വർഷം മുമ്പ് നമ്മൾ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല, ഇന്ന് നമ്മളെല്ലാം തിരിച്ചറിയുന്നു, ആരോഗ്യമാണ് സമ്പത്തെന്ന്’ വിക്രാന്ത് മാസി | vikrant Massey opens up on mental health


രണ്ട് പതിറ്റാണ്ട് മുൻപ് പരസ്യമായി ചർച്ച ചെയ്യാൻ മടിച്ചിരുന്ന മാനസിക, വൈകാരിക ആരോഗ്യത്തെക്കുറിച്ചുള്ള വിഷയങ്ങൾ ഇന്ന് നിത്യജീവിത സംഭാഷണങ്ങളുടെ ഭാഗമായിരിക്കുകയാണെന്ന് നടൻ വിക്രാന്ത് മാസി. ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിൽ താരം മാനസികാരോഗ്യത്തിനെ കുറിച്ച് സംസാരിച്ചത്. ‘20 വർഷം മുൻപ് നമ്മൾ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. വൈകാരികാരോഗ്യത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. ഇന്ന് ഇവ പൊതുവേദികളിൽ ചർച്ച ചെയ്യപ്പെടുന്നു, കാരണം എവിടെയോ നമ്മളെല്ലാം തിരിച്ചറിയുന്നു, ആരോഗ്യമാണ് സമ്പത്തെന്ന്. വിലകൂടിയ വസ്തുക്കൾ സ്വന്തമാക്കുന്നതിനേക്കാളും പരമ്പരാഗത വിജയ മാനദണ്ഡങ്ങൾ കൈവരിക്കുന്നതിനേക്കാളും ആരോഗ്യത്തോടെയിരിക്കുന്നതും മനസമാധാനം ഉള്ളതും അർത്ഥവത്താണെന്ന് വിക്രാന്ത് പറയുന്നു. ‘നിങ്ങൾ ആരോഗ്യവാനാണെങ്കിൽ, നിങ്ങൾ വിജയിച്ചിരിക്കുന്നു. വലിയ വീടില്ലെങ്കിൽ പോലും. രാത്രിയിൽ സമാധാനത്തോടെ ഉറങ്ങാൻ കഴിയുമെങ്കിൽ, ഉറക്കഗുളിക കഴിക്കേണ്ടി വരുന്നില്ലെങ്കിൽ, നിങ്ങൾ വിജയിച്ചിരിക്കുന്നു. വീട്ടിൽ മുതിർന്നവരുടെ പിന്തുണയുണ്ടെങ്കിൽ, നിങ്ങൾ വിജയിച്ചിരിക്കുന്നു.‘സാങ്കേതിക വികസനത്തിന്റെ വേഗത ആളുകൾ ജോലി ചെയ്യുന്നതും ജീവിക്കുന്നതുമായ രീതിയെ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇന്ന് വിജയത്തിന്റെ അർത്ഥം മറ്റൊന്നാണ്. സാങ്കേതികവിദ്യ പോലെ, അത് അതിവേഗം മാറിക്കൊണ്ടിരിക്കും. നമുക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത വേഗതയിലാണ് ലോകം മുന്നേറുന്നത്. ഇന്ന് നിങ്ങൾ ഒരു നൈപുണ്യത്തിൽ പ്രാവീണ്യം നേടുന്നു. നാളെ അത് അപ്രസക്തമാകുന്നു. അതാണ് ലോകം നീങ്ങുന്ന വേഗത’ വിക്രാന്ത് പറഞ്ഞു.അതിനിടെ, വിക്രാന്ത് തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷത്തിനായി ഒരുങ്ങുകയാണ്. ‘വൈറ്റ്’ എന്ന ചിത്രത്തിൽ ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കറെയാണ് താരം അവതരിപ്പിക്കുന്നത്.കൊളംബിയയിൽ 52 വർഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ ശ്രീ ശ്രീ രവിശങ്കർ നടത്തിയ സമാധാന ശ്രമങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.സിദ്ധാർഥ് ആനന്ദിന്റെ മാർക്യൂസ് ഫിലിംസും മഹാവീർ ജെയിനും ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മോണ്ടി ഷർമയാണ്. ചിത്രത്തിനായി ലുക്ക് ടെസ്റ്റുകളും തയാറെടുപ്പുകളും പുരോഗമിക്കുകയാണ്.’12th ഫെയിൽ’, ‘സെക്ടർ 36’, ‘സബർമതി റിപ്പോർട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിക്രാന്തിന്റെ ഈ ട്രാൻസ്ഫർമേഷൻ വേഷം ഇതിനോടകം സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.


Life Style ⏭️

Back to top button