സിദ്ധരാമയ്യക്കെതിരായ ഒളിക്യാമറ വിവാദം: കുമാരസ്വാമിയുടെ സോഷ്യൽ മീഡിയ ടീമിന് പങ്കെന്ന് ആരോപണം; ഫോൺ കൈമാറിയത് കേന്ദ്രമന്ത്രിയുടെ വസതിയിൽ

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അരങ്ങേറിയ വ്യാജ ഒളിക്യാമറ വിവാദത്തിൽ നിർണായക വഴിത്തിരിവ്. ഡൽഹിയിൽനിന്ന് വാങ്ങിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണസംഘം പരിശോധന നടത്തുന്നത്. ഡൽഹിയിൽനിന്ന് പിടിയിലായ റിതേഷ് പാണ്ഡെ നൽകിയ മൊഴിയാണ് കേസിൽ വലിയ വെളിപ്പെടുത്തലുകൾക്ക് വഴിവെച്ചത്. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന സംഘത്തിലെ അംഗമായ പ്രജ്വൽ പ്രസാദിന്റെ നിർദേശപ്രകാരമാണ് ഫോൺ വാങ്ങിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
കരോൾ ബാഗിലെ ഒരു കടയിൽനിന്ന് വിനോദ് ശർമയ്ക്കൊപ്പം ചേർന്ന് താനാണ് ഈ ഫോൺ വാങ്ങിയതെന്നും, പിന്നീട് ഡൽഹി കുശക് റോഡിലുള്ള കുമാരസ്വാമിയുടെ വസതിയിൽ വെച്ച് പ്രജ്വലിന് അത് കൈമാറുകയുമായിരുന്നുവെന്നും റിതേഷ് വെളിപ്പെടുത്തി. ഈ ഫോൺ ഉപയോഗിച്ചാണ് വിവാദ വിഡിയോ അപ്ലോഡ് ചെയ്തതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. വിപിഎൻ (VPN), വ്യാജ ഐപി (IP) വിലാസങ്ങൾ, സ്പൂഫ് ചെയ്ത ഫോൺ നമ്പറുകൾ തുടങ്ങിയ സാങ്കേതിക വിദ്യകൾ ദുരുപയോഗം ചെയ്ത് വിവിധ വ്യാജ അക്കൗണ്ടുകൾ വഴിയാണ് വിഡിയോ പ്രചരിപ്പിച്ചത്.
ഈ വിഡിയോയിലെ ലൈംഗികാരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് നേരത്തെ തന്നെ പോലീസ് സ്ഥിരീകരിച്ചിരുന്നു. 2011-ൽ നടന്നതായി പറയപ്പെടുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് വ്യാജ വിഡിയോ തയാറാക്കിയിരിക്കുന്നത്. വിഡിയോയിൽ കാണുന്ന വ്യക്തികളെ കണ്ടെത്തുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തു. നിലവിൽ ലഭിച്ചിട്ടുള്ള തെളിവുകൾ വെച്ച് ആരോപണങ്ങളിൽ ഒട്ടും വാസ്തവമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.




