പ്ലസ് ടു വിദ്യാർഥിനിയുടെ വയറ്റിൽ സൂചി കുടുങ്ങിയ സംഭവം: രണ്ട് ഡോക്ടർമാർക്കെതിരെ കേസ്, ആശുപത്രിക്ക് റജിസ്ട്രേഷനില്ല

തിരുവനന്തപുരം അരുവിക്കരയിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ പ്ലസ്ടു വിദ്യാർഥിനിക്ക് റൂട്ട് കനാൽ ചികിത്സ നൽകുന്നതിനിടെയുണ്ടായ ഗുരുതരമായ വീഴ്ചയിൽ രണ്ട് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. ക്ലിനിക് ഉടമ ഡോ. രഹ്ന, ഡോ. ലീലാ കൃഷ്ണൻ എന്നിവർക്കെതിരെയാണ് നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്.
അരുവിക്കര തെക്കണത്ത് സ്വദേശിനിയായ പതിനേഴ് വയസ്സുകാരിയാണ് ചികിത്സാപ്പിഴവിനെ തുടർന്ന് ദുരിതത്തിലായത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ മാസം മുപ്പത്തിയൊന്നാം തീയതി റൂട്ട് കനാൽ ചികിത്സയ്ക്കിടെ ചികിത്സാ ഉപകരണത്തിന്റെ ഭാഗമായ സൂചി അബദ്ധത്തിൽ പെൺകുട്ടിയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.
സംഭവം അറിഞ്ഞിട്ടും അടിയന്തരമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി പെൺകുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ക്ലിനിക് അധികൃതർ തയ്യാറായില്ല. മാത്രമല്ല, അപകടത്തെക്കുറിച്ച് പെൺകുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുന്നതിൽ വലിയ വീഴ്ച വരുത്തിയതായും പരാതിയിൽ ആരോപിക്കുന്നു. തുടർന്ന്, ക്ലിനിക്കിലെ ജീവനക്കാരന്റെ ബൈക്കിൽ പെൺകുട്ടിയെ അരുവിക്കര ജംക്ഷനിലുള്ള ലാബിലെത്തിച്ച് എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ്, തൊണ്ടയിൽ കുടുങ്ങിയ സൂചി ആമാശയത്തിലേക്ക് നീങ്ങിയതായി സ്ഥിരീകരിച്ചത്.




