HEALTH

തുടർച്ചയായ ചുമ അവഗണിക്കരുത്: ഗൗരവകരമായ രോഗലക്ഷണമാകാം

തുടർച്ചയായ ചുമയെ നാം മിക്കപ്പോഴും അലർജിയോ അണുബാധകളോ അല്ലെങ്കിൽ ശ്വാസകോശവുമായി ബന്ധപ്പെട്ട ചെറിയ തടസ്സങ്ങളോ ആയിട്ടാണ് വിലയിരുത്താറുള്ളത്. എങ്കിലും, ഇത്തരം ചുമകൾ പലപ്പോഴും ശരീരത്തിന്റെ ഗൗരവകരമായ രോഗാവസ്ഥകളെക്കുറിച്ചുള്ള മുന്നറിയിപ്പുകളാകാം. ശ്വാസകോശ ക്യാൻസറിന്റെ ആദ്യകാല ലക്ഷണങ്ങളിൽ പ്രധാനം ഈ തുടർച്ചയായ ചുമയാണ്. ശ്വാസകോശ ക്യാൻസർ കേസുകൾ വർദ്ധിച്ചുവരുന്നുണ്ടെങ്കിലും, പലപ്പോഴും രോഗം നേരത്തേ തിരിച്ചറിയാൻ സാധിക്കാറില്ല. സാധാരണയായി കണ്ടുവരുന്ന ശ്വാസതടസ്സങ്ങളോട് സാമ്യമുള്ള ലക്ഷണങ്ങൾ പ്രകടമാകുന്നതാണ് ഇതിനൊരു പ്രധാന കാരണം.

ഹൗറയിലെ നാരായണ ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം കൺസൾട്ടന്റായ ഡോ. സന്ദീപ് ജെയിൻ അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്: “വിട്ടുമാറാത്ത ചുമയെ കേവലം അലർജിയോ അണുബാധയോ ആയിക്കണ്ട് തള്ളിക്കളയരുത്. ആഴ്ചകളോളം നീണ്ടുനിൽക്കുകയും സാധാരണ മരുന്നുകൾ നൽകിയിട്ടും ശമനമുണ്ടാകാതെ വഷളാവുകയും ചെയ്യുന്ന ചുമയുണ്ടെങ്കിൽ തീർച്ചയായും വൈദ്യപരിശോധനയ്ക്ക് വിധേയമാകണം. ഇത് ശ്വാസകോശ അർബുദത്തിന്റെ ഒരു പ്രാഥമിക സൂചനയായിരിക്കാൻ സാധ്യതയുണ്ട്.”

ശ്വാസകോശ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ: വിട്ടുമാറാത്ത ചുമയെല്ലാം ക്യാൻസർ മൂലമാകണമെന്നില്ലെങ്കിലും, ചുമയുടെ രീതി, കടുപ്പം, എത്ര തവണ അനുഭവപ്പെടുന്നു എന്നിവയിൽ വരുന്ന മാറ്റങ്ങൾ അതീവ ശ്രദ്ധയോടെ വേണം വീക്ഷിക്കാൻ. തുപ്പുന്ന കഫത്തിൽ രക്തം കാണപ്പെടുക, തുടർച്ചയായി കഫക്കെട്ട് ഉണ്ടാവുക, കാരണം കൂടാതെ ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, ശ്വാസം മുട്ടൽ, നെഞ്ചുവേദന, വിട്ടുമാറാത്ത ക്ഷീണം എന്നിവയും രോഗത്തിന്റെ സൂചനകളാകാം.

കൂടുതൽ സാധ്യതയുള്ളവർ ശ്രദ്ധിക്കാൻ: വിട്ടുമാറാത്ത ചുമയ്ക്കൊപ്പം ശ്വസന സംബന്ധമായ മറ്റ് പ്രശ്നങ്ങളും ഉണ്ടെങ്കിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. പുകവലിക്കുന്നവർ, സെക്കൻഡ് ഹാൻഡ് സ്മോക്കിംഗിന് വിധേയരാകുന്നവർ, മുൻപ് ക്യാൻസർ രോഗബാധ ഉണ്ടായിരുന്നവർ, കുടുംബത്തിൽ ശ്വാസകോശ ക്യാൻസർ പാരമ്പര്യമുള്ളവർ എന്നിവർക്ക് ഇതിനുള്ള സാധ്യത കൂടുതലാണ്. എന്നാൽ പുകവലി ശീലമില്ലാത്തവരിലും ഈ രോഗം കണ്ടുവരാറുണ്ട് എന്നത് ശ്രദ്ധേയമാണ്.

ക്ഷയരോഗം (ടിബി), ആസ്ത്മ, സി.ഒ.പി.ഡി, ഇന്റർസ്റ്റീഷ്യൽ ലങ് ഡിസീസ് തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളുമായി ശ്വാസകോശ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾക്ക് വലിയ സാമ്യമുണ്ട്. അതിനാൽ രോഗത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്തുന്നതിന് വിദഗ്ധമായ ക്ലിനിക്കൽ പരിശോധനകൾ അനിവാര്യമാണ്. രോഗം നേരത്തേ കണ്ടെത്തി ചികിത്സ ആരംഭിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Life Style ⏭️

Back to top button