11 മാസം പ്രായമുള്ള കുഞ്ഞിനെ നായയുടെ കൂട്ടിൽ കുഴിച്ചുമൂടി; 24 മണിക്കൂറിന് ശേഷം അദ്ഭുതരക്ഷ

സൗത്ത് കാരോലൈനയിലെ ലെക്സിംഗ്ടൺ കൗണ്ടിയിൽ നിന്ന് കാണാതായ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. ഏകദേശം ഒരു ദിവസത്തോളം നായക്കൂടിനുള്ളിൽ തടവിലാക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. ഈ സംഭവം ലെക്സിംഗ്ടൺ കൗണ്ടി ഷെരീഫ് ഓഫീസാണ് പുറംലോകത്തെ അറിയിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് കോവ ഷാർപ്പ് എന്ന പിഞ്ചുകുഞ്ഞിനെ കാണാതാകുന്നത്. വീട്ടിൽ ആവശ്യമായ കാര്യങ്ങൾക്കായി അമ്മ പുറത്തുപോയപ്പോൾ കുഞ്ഞിന്റെ സംരക്ഷണച്ചുമതല പിതാവായ മൈക്കൽ കോമറിനെ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ തിരിച്ചെത്തിയപ്പോൾ പിതാവിനെയും കുഞ്ഞിനെയും വീട്ടിൽ കാണാനില്ലെന്ന് മനസ്സിലാക്കി. ഇതിനെത്തുടർന്ന് നടന്ന വ്യാപകമായ തെരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാത്രിയോടെ മൈക്കൽ കോമറിനെ പോലീസ് പിടികൂടി. എങ്കിലും, കുഞ്ഞിനെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്താൻ ഇയാൾ ആദ്യം തയ്യാറായിരുന്നില്ല.




