മാനസിക സമ്മർദം കുറയ്ക്കാൻ വ്യായാമം സഹായിക്കുമോ?

ഇന്നത്തെ അതിവേഗ ജീവിതശൈലിയിൽ മാനസിക സമ്മർദം അനുഭവപ്പെടാത്തവർ ചുരുക്കമാണ്. അമിതഭാരമുള്ള ജോലികൾക്കിടയിൽ പലരും ആദ്യം ഒഴിവാക്കാൻ ശ്രമിക്കുന്നത് വ്യായാമമായിരിക്കും. മാനസികമായി തളർന്നിരിക്കുമ്പോൾ വ്യായാമത്തിൽ ഏർപ്പെടുക എന്നത് വലിയൊരു ഭാരമായി തോന്നിയേക്കാം. എന്നാൽ ഇങ്ങനെയൊരു സാഹചര്യത്തിൽ വ്യായാമം പാടെ ഉപേക്ഷിക്കുകയാണോ വേണ്ടത്, അതോ അതിന്റെ തീവ്രതയിൽ മാറ്റം വരുത്തി തുടരുകയാണോ ഉചിതം? വ്യായാമം പൂർണമായി നിർത്തുന്നതിനേക്കാൾ, സാഹചര്യങ്ങൾക്കനുസരിച്ച് അതിൽ മാറ്റങ്ങൾ വരുത്തുന്നതാണ് ഉത്തമമെന്നാണ് ഫിറ്റ്നസ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മാനസിക സമ്മർദം അനുഭവപ്പെടുമ്പോൾ ശരീരത്തിൽ സന്തോഷവും ഉന്മേഷവും പകരുന്ന ഹോർമോണുകൾ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്; അതിനാൽ മനസ്സ് വല്ലാതെ അസ്വസ്ഥമാകുമ്പോഴും ചെറിയ രീതിയിലെങ്കിലും ശരീരം ചലിപ്പിക്കുന്നത് അത്യന്താപേക്ഷിതമാണ്.
ജോലിയിലെ സമ്മർദം, ഉറക്കക്കുറവ്, മറ്റ് ആശങ്കകൾ എന്നിവ കാരണം പതിവുപോലെ വ്യായാമം ചെയ്യാൻ സാധിക്കാതെ വന്നേക്കാം. ഇത്തരം ദിവസങ്ങളിൽ ശരീരത്തെ നിർബന്ധിച്ച് കഠിനമായ വ്യായാമങ്ങൾ ചെയ്യിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. ശരീരത്തിന് അമിത സമ്മർദം നൽകുന്നതിനേക്കാൾ ഉപരി, അതിനെ സജീവമായി നിലനിർത്തുക എന്നതാണ് പ്രധാനം. സമ്മർദം നിറഞ്ഞ ദിവസങ്ങളിൽ നിങ്ങളുടെ വ്യായാമ ശീലത്തിൽ വരുത്താവുന്ന അഞ്ച് പ്രായോഗിക മാറ്റങ്ങൾ താഴെ നൽകുന്നു:
ഇഷ്ടമുള്ള ലഘുവ്യായാമങ്ങൾ തിരഞ്ഞെടുക്കാം: എല്ലാ ദിവസവും കഠിനമായ വ്യായാമങ്ങൾ തന്നെ വേണമെന്ന് നിർബന്ധമില്ല. ശാരീരികമായി തളർച്ച അനുഭവപ്പെടുന്ന ദിവസങ്ങളിൽ ലളിതമായ നടത്തം, സൈക്ലിങ്, അല്ലെങ്കിൽ ചെറിയ രീതിയിലുള്ള സ്ട്രെച്ചിങ് എന്നിവ ശീലമാക്കാം. വെറും 20 മിനിറ്റ് സമയം നടക്കുന്നത് പോലും മനസ്സിനെ ശാന്തമാക്കാനും ശരീരത്തിന് ഉണർവേകാനും സഹായിക്കും.
വ്യായാമം ലളിതമാക്കാം: വ്യായാമത്തിന്റെ ദൈർഘ്യവും തീവ്രതയും കുറയ്ക്കുകയാണ് മറ്റൊരു മാർഗം. നിങ്ങൾ പതിവായി ഒരു മണിക്കൂർ വർക്കൗട്ട് ചെയ്യുന്ന ആളാണെങ്കിൽ, തിരക്കുള്ള ദിവസങ്ങളിൽ അത് 20 മുതൽ 30 മിനിറ്റ് വരെയായി ചുരുക്കാം. കൂടുതൽ വ്യായാമങ്ങൾ വാരിവലിച്ചു ചെയ്യാതെ, ലളിതമായവ തിരഞ്ഞെടുത്ത് അവ കൃത്യമായ രീതിയിൽ ചെയ്യാൻ ശ്രദ്ധിക്കുക.
വേഗവും ഭാരവും കുറയ്ക്കാം: ക്ഷീണമുള്ളപ്പോൾ കനത്ത ഭാരമുയർത്തുന്നതോ, കൂടുതൽ തവണ ആവർത്തിക്കുന്നതോ ഒഴിവാക്കണം. വ്യായാമം ചെയ്യുന്ന സമയം കുറയ്ക്കുകയും ഇടവേളകൾ വർധിപ്പിക്കുകയും ചെയ്യുക. കാർഡിയോ വ്യായാമങ്ങൾ ചെയ്യുമ്പോൾ കിതയ്ക്കാതെ സംസാരിക്കാൻ കഴിയുന്ന വേഗത്തിൽ മാത്രം ചെയ്യുന്നത് ഉചിതമായിരിക്കും. ശരീരത്തിന് അമിതഭാരം നൽകാതെ സജീവമായിരിക്കുക എന്നതാകണം ലക്ഷ്യം.
ശരീരം നൽകുന്ന സൂചനകൾ ശ്രദ്ധിക്കാം: അമിതമായ തളർച്ച അനുഭവപ്പെടുമ്പോൾ നിർബന്ധപൂർവം വ്യായാമം ചെയ്യരുത്. അന്നേദിവസത്തെ ഊർജവും ആരോഗ്യസ്ഥിതിയും മുൻനിർത്തി വേണം വ്യായാമരീതി തീരുമാനിക്കാൻ. ശരീരത്തിന്റെ ആവശ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ക്രമീകരണങ്ങൾ വരുത്താൻ മടിക്കരുത്.
വിശ്രമത്തിന് പ്രാധാന്യം നൽകാം: തുടർച്ചയായ ക്ഷീണം, മാറാത്ത പേശിവേദന, ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ, പതിവുള്ള വ്യായാമം പോലും വളരെ പ്രയാസകരമായി തോന്നുക തുടങ്ങിയവ ശരീരത്തിന് വിശ്രമം ആവശ്യമാണെന്നതിന്റെ സൂചനകളാണ്. ഇത്തരം സാഹചര്യങ്ങളിൽ ഒരു ദിവസം വ്യായാമത്തിൽനിന്ന് വിട്ടുനിൽക്കുന്നതിൽ യാതൊരു തെറ്റുമില്ല; വിശ്രമവും ശരീരത്തിന്റെ വീണ്ടെടുക്കലിന്റെ ഭാഗമാണ്. പകരം ചെറിയ രീതിയിൽ നടക്കുകയോ ലഘുവായ സ്ട്രെച്ചിങ് ചെയ്യുകയോ ചെയ്യാം. അല്ലെങ്കിൽ മനസ്സിനെ ശാന്തമായി ഇരുത്തി അൽപസമയം വിശ്രമിക്കാവുന്നതാണ്.




