CINEMA

ന്യൂജനറേഷൻ താരങ്ങളുടെ ഇടപെടലുകൾക്കെതിരെ വിമർശനവുമായി സംവിധായകൻ


പ്രതീകാത്മക ചിത്രം

മുംബൈ: ബോളിവുഡിലെ പ്രമുഖ സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാൻ പുതിയ തലമുറയിലെ അഭിനേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്ത്. സിനിമ നിർമ്മാണത്തിന്റെ എല്ലാ മേഖലകളിലും അനാവശ്യമായി ഇടപെടാൻ യുവതാരങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ തുറന്നടിച്ചു.

‘ഇന്നത്തെ കാലത്തെ ഏറ്റവും വലിയ പ്രതിസന്ധി, പുതുതലമുറ താരങ്ങൾക്ക് ആരെയും വിശ്വാസമില്ല എന്നതാണ്. സംവിധായകന്റെ തീരുമാനങ്ങളെപ്പോലും ഇവർ ചോദ്യം ചെയ്യുന്നു. നൃത്തസംവിധാനം തങ്ങൾ തന്നെ ചെയ്തുകൊള്ളാമെന്നും, കാസ്റ്റിംഗിലും പാട്ടുകളിലും മാറ്റങ്ങൾ വരുത്തണമെന്നും ഇവർ നിർബന്ധം പിടിക്കുന്നു. സ്വന്തം കഴിവിലുള്ള ആത്മവിശ്വാസക്കുറവാണ് ഇത്തരം പ്രവണതകൾക്ക് പിന്നിൽ. മറ്റുള്ളവരുടെ ജോലിയിൽ അനാവശ്യമായി കൈകടത്തുന്നതാണ് ഇവരുടെ ശീലം’- ഫറാ ഖാൻ കുറ്റപ്പെടുത്തി.

തന്നിലുള്ള വിശ്വാസവും കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധതയുമാണ് ഒരാൾക്ക് ആദ്യം വേണ്ടത്. സെറ്റിലെത്തിയാൽ സ്വന്തം ജോലിയിൽ ശ്രദ്ധിക്കുന്നതിന് പകരം, കൂടുതൽ നർത്തകരെ വേണമെന്നും മറ്റും നിർദ്ദേശിക്കുന്നത് ശരിയല്ല. അത് നിങ്ങളുടെ പണിയല്ല. അതിനുപകരം, സ്വന്തം ഡയലോഗുകൾ കൃത്യമായി പഠിച്ച് അഭിനയിക്കാൻ തയ്യാറാവുകയാണ് വേണ്ടത്. സെറ്റിൽ വരുമ്പോൾ താരങ്ങൾ ആദ്യം ചെയ്യേണ്ടത് തങ്ങളുടെ സംഭാഷണങ്ങൾ വ്യക്തമായി മനസ്സിലാക്കുക എന്നതാണ്, നിർഭാഗ്യവശാൽ പലർക്കും അത് സാധിക്കുന്നില്ല’- അവർ കൂട്ടിച്ചേർത്തു.

തന്റെ കരിയറിലെ നാല് ചിത്രങ്ങളിലൂടെ മാത്രം 700 കോടിയിലേറെ രൂപ ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടിയ സംവിധായികയാണ് ഫറാ ഖാൻ. ‘മേം ഹൂ നാ’, ‘ഓം ശാന്തി ഓം’ തുടങ്ങിയ ബോളിവുഡ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ സമ്മാനിച്ചത് ഇവരാണ്. ചലച്ചിത്ര നിർമ്മാതാവായിരുന്ന പിതാവിന്റെ ജീവിതത്തിലെ കഷ്ടപ്പാടുകൾ കണ്ട് വളർന്ന ഫറാ, കൊറിയോഗ്രാഫിയിലൂടെയാണ് സിനിമയിലേക്ക് ചുവടുവെച്ചത്. പിന്നീട് സംവിധാനരംഗത്ത് തന്റേതായ ഇടം കണ്ടെത്തുകയും ചെയ്തു.

Business ⏭️

Back to top button