NEWS

കൊല്ലം ജില്ലയിൽ ആശങ്കയായി രോഗവ്യാപനം; നാലിൽ ഒരാൾക്ക് ബാധിക്കുന്നു, സ്ത്രീകളിൽ കൂടുതൽ സാധ്യത

എഐ ചിത്രം

തഴവ: നമ്മുടെ ആരോഗ്യരംഗത്തിന് വലിയ വെല്ലുവിളിയായി കരൾ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ജില്ലയിലെ ഓരോ നാല് ആളുകളിൽ ഒരാൾ വീതം കരൾ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിൽ ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യം, മൊത്തം രോഗികളിൽ എഴുപത് ശതമാനം പേരിലും മദ്യപാനമല്ലാത്ത കാരണങ്ങളാണ് രോഗത്തിന് വഴിയൊരുക്കുന്നത് എന്നതാണ്. സ്ത്രീകളിലാണ് ഈ രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നത്.

രോഗം തുടക്കത്തിലേ തിരിച്ചറിയാൻ സാധിച്ചാൽ കൃത്യമായ ജീവിതശൈലിയിലൂടെയും നിയന്ത്രണങ്ങളിലൂടെയും രോഗം മൂർച്ഛിക്കുന്നത് തടയാനാകുമെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. കായികമായ അധ്വാനം തീരെയില്ലാത്ത ജോലികളിൽ ഏർപ്പെടുന്നവരിലും, കൃഷിപ്പണികളിൽ നിന്നും മറ്റ് തൊഴിൽ മേഖലകളിൽ നിന്നും വിട്ടുനിൽക്കുന്നവരിലുമാണ് കരൾ രോഗം വർധിച്ചുവരുന്നത്.

കരളിനെ അമിതമായ കൊഴുപ്പടിയുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനായി ചിട്ടയായ വ്യായാമവും പോഷകസമൃദ്ധമായ ഭക്ഷണക്രമവും പിന്തുടരണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. അതേസമയം, കരൾ രോഗം പൂർണ്ണമായും ഭേദമാക്കുമെന്ന അവകാശവാദവുമായി വ്യാജ മരുന്നുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത്തരം മരുന്നുകൾ കരളിലെയും വൃക്കകളിലെയും പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുകയും, രോഗിയുടെ ആരോഗ്യനില കൂടുതൽ വഷളാക്കുകയും ചെയ്യുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

ആകർഷകമായ നിറങ്ങളും രുചിയും നൽകി വിപണിയിലെത്തുന്ന ബേക്കറി പലഹാരങ്ങളും, കോളകളും, നിലവാരമില്ലാത്ത കൃത്രിമ നിറങ്ങൾ കലർത്തിയ മിഠായികളും അമിതമായി കഴിക്കുന്നത് കുട്ടികളെപ്പോലും കരൾ രോഗികളാക്കി മാറ്റുന്നുണ്ട്.

ജീവിത ശൈലി വീഴ്ത്തി

  • ശാരീരിക വ്യായാമത്തിന്റെ കുറവ്
  • ഭക്ഷണത്തിലെ കൃത്രിമ നിറങ്ങളും ഫ്ലേവറുകളും
  • ഗുണനിലവാരമില്ലാത്ത എണ്ണയുടെ തുടർച്ചയായ ഉപയോഗം
  • പ്രമേഹം, അമിത രക്തസമ്മർദ്ദം, മാനസിക സമ്മർദ്ദം
  • അമിതമായ മദ്യപാനം
  • സോഫ്റ്റ് ഡ്രിങ്കുകളുടെയും കോളകളുടെയും അമിത ഉപയോഗം

രോഗികളുടെ എണ്ണത്തിൽ ഉണ്ടായ ഈ അസ്വാഭാവികമായ വർധനവ് കണക്കിലെടുക്കുമ്പോൾ, കരൾ രോഗത്തെ ഒരു ജീവിതശൈലി രോഗമായിത്തന്നെ പരിഗണിക്കേണ്ട ഗൗരവകരമായ അവസ്ഥയാണുള്ളതെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Sports ⏭️

Read News ⏭️

Back to top button