മലപ്പുറത്ത് ഷിഗെല്ല: നാല് വയസ്സുകാരിയുൾപ്പെടെ രണ്ടുപേർക്ക് സ്ഥിരീകരണം, 23 പേർ നിരീക്ഷണത്തിൽ

പ്രതീകാത്മക ചിത്രം
മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. നിലമ്പൂർ മേഖലയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അമരമ്പലത്തുള്ള ഒരു കടയിൽ നിന്നും ലഘുഭക്ഷണം കഴിച്ച നാല് വയസ്സുകാരിക്കും, പാലുണ്ടയിലെ ഹോട്ടലിൽ നിന്ന് മന്തി കഴിച്ച രണ്ടുപേർക്കുമാണ് രോഗം ബാധിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നിലവിൽ വയറുവേദന, വയറിളക്കം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകളുമായി 23 പേർ നിരീക്ഷണത്തിലും ചികിത്സയിലുമുണ്ട്. ഇവരുടെ പരിശോധനാ ഫലങ്ങൾ പുറത്തുവന്നാൽ മാത്രമേ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ വ്യക്തത വരികയുള്ളൂ.
നേരത്തെ കോഴിക്കോട് മേപ്പയൂരിലെ ഒരു സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. വിദ്യാലയത്തിലെ കിണർ വെള്ളം മലിനമായതാകാം രോഗപകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗലക്ഷണങ്ങളുമായി നിരവധി വിദ്യാർത്ഥികൾ ചികിത്സ തേടിയതിനെത്തുടർന്ന് സ്കൂളിന് താൽക്കാലികമായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ബാക്ടീരിയകൾ വഴി കുടലിലുണ്ടാകുന്ന ഗുരുതരമായ അണുബാധയാണ് ഷിഗല്ലോസിസ്. തുടർച്ചയായ വയറിളക്കമാണ് ഇതിന്റെ പ്രധാന ലക്ഷണം. യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ രോഗം വഷളാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം. മലിനമായ ജലത്തിലൂടെയും വൃത്തിഹീനമായ അന്തരീക്ഷത്തിൽ തയ്യാറാക്കുന്നതോ കേടുവന്നതോ ആയ ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്.




