പെട്രോളിൽ 31% എഥനോൾ: കർണാടകയുടെ നിർദ്ദേശം തള്ളി എണ്ണക്കമ്പനികൾ

ബെംഗളൂരു∙ ഇന്ധനത്തിൽ അനുവദനീയമായതിലും അധികം എഥനോൾ ചേർക്കുന്നുണ്ടെന്ന കർണാടക സർക്കാരിന്റെ കണ്ടെത്തലിനെതിരെ എണ്ണക്കമ്പനികൾ രംഗത്ത്. പെട്രോളിൽ 20 ശതമാനത്തിൽ കൂടുതൽ എഥനോൾ കലർത്താൻ പാടില്ലെന്ന കേന്ദ്ര നിയമം നിലനിൽക്കെ, വിപണിയിലുള്ള ഇന്ധനത്തിൽ 31.2 ശതമാനം വരെ എഥനോൾ സാന്നിധ്യം കണ്ടെത്തിയെന്ന സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് കമ്പനികൾ തള്ളിക്കളഞ്ഞു. തങ്ങളുടെ ഭാഗം കേൾക്കാതെയോ, കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന ശാസ്ത്രീയമായ പരിശോധനാ മാനദണ്ഡങ്ങൾ പാലിക്കാതെയോ ആണ് സർക്കാർ സാംപിളുകൾ ശേഖരിച്ചതെന്ന് എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.
കർണാടകയിലെ ബെംഗളൂരു ഉൾപ്പെടെയുള്ള ഏഴ് ജില്ലകളിൽ നിന്നായി 63 സാംപിളുകളാണ് സർക്കാർ പരിശോധനയ്ക്കായി എടുത്തത്. ഇതിൽ 80 ശതമാനത്തോളം സാംപിളുകളിലും എഥനോളിന്റെ അളവ് നിശ്ചിത പരിധിയായ 20 ശതമാനത്തിൽ അധികമാണെന്ന് പരിശോധനാഫലം വ്യക്തമാക്കുന്നു. ചില സാംപിളുകളിൽ എഥനോളിന്റെ അളവ് 25.5 ശതമാനം മുതൽ 31.2 ശതമാനം വരെ ഉയർന്നപ്പോൾ, ഒരു സാംപിളിൽ മാത്രമാണ് അത് 13.5 ശതമാനമായി കുറഞ്ഞത്. പെട്രോളിലെ എഥനോളിന്റെ കൃത്യമായ അനുപാതം പുറത്തുവിടാൻ കേന്ദ്രത്തോട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.




