ഇറാൻ ആണവ പദ്ധതി വിവരങ്ങൾ യുഎസിന് കൈമാറി; ട്രംപുമായി ഖത്തർ അമീറിന്റെ ചർച്ച

ദുബായ് ∙ ഇറാനെതിരെ അമേരിക്കൻ സൈനിക നീക്കം ശക്തമാകുമെന്ന ആശങ്കകൾക്കിടെ, മധ്യസ്ഥത വഹിക്കുന്ന ഖത്തർ അമേരിക്കയുമായി ഉന്നതതല ചർച്ചകൾ നടത്തി. മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിന്റെ ഭാഗമായി, ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനുള്ള കരാറിൽ എത്രയും വേഗം ഒപ്പിടണമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ടെലിഫോൺ സംഭാഷണത്തിലൂടെ ആവശ്യപ്പെട്ടു.
തങ്ങളുടെ ആണവ സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന കടുത്ത നിർദ്ദേശമാണ് ഇറാനു മുന്നിൽ യുഎസ് വെച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദമായ രേഖകൾ ഖത്തർ വഴി ഇറാൻ അമേരിക്കയ്ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, ആണവ വിഷയങ്ങളിൽ ചർച്ചകൾക്ക് തയ്യാറാകണമെങ്കിൽ തങ്ങൾ മുന്നോട്ടുവെക്കുന്ന ഏഴ് ഉപാധികൾ അംഗീകരിക്കണമെന്ന നിലപാടിലാണ് ഇറാൻ. യുദ്ധസന്നദ്ധമായ സാഹചര്യത്തിൽ യുഎസ് സെൻട്രൽ കമാൻഡ് ആക്രമണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. വാഷിംഗ്ടണിൽ നിന്നുള്ള അന്തിമ നിർദ്ദേശം ലഭിച്ചാലുടൻ നടപടികളിലേക്ക് കടക്കുമെന്ന് സൈനിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
മറുഭാഗത്ത്, യെമനിലെ ഹൂതി വിമതരുടെ അധീനതയിലുള്ള തയിസ് പ്രവിശ്യയിൽ നടന്ന വ്യോമാക്രമണത്തിൽ 20 പേർക്ക് ജീവൻ നഷ്ടമായി. ഈ ആക്രമണത്തിന് പിന്നിൽ സൗദി സഖ്യസേനയാണെന്നാണ് ഹൂതികളുടെ ആരോപണം. ഇതിനിടെ, മക്ക മേഖലയിൽ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണ ശ്രമത്തെ സൗദി അറേബ്യ തകർത്തു. ആകാശത്തുവെച്ചുതന്നെ ഡ്രോണുകളെ പ്രതിരോധിച്ച സൗദി സേന, നജ്റാൻ ലക്ഷ്യമാക്കി വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകളും വെടിവെച്ചിട്ടു.




