NEWS

മാഹിയിൽ നിന്ന് ഡീസൽക്കടത്ത്: ഒരു ടാങ്കറിൽ നിന്ന് ഖജനാവിന് നഷ്ടം 1.20 ലക്ഷം രൂപ

തലശ്ശേരി ∙ മാഹിയിൽ നിന്ന് കേരളത്തിലേക്ക് അനധികൃതമായി വൻതോതിൽ ഡീസൽ കടത്തുന്നതായി റിപ്പോർട്ട്. പ്രധാനമായും ക്വാറികൾ കേന്ദ്രീകരിച്ചാണ് ഇന്ധനക്കടത്ത് സജീവമായി നടക്കുന്നത് എന്നാണ് പൊലീസിന് ലഭിച്ച സൂചനകൾ. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിലെ മലയോര മേഖലകളിലേക്കാണ് ഇന്ധനം വ്യാപകമായി എത്തുന്നത്.

ക്വാറികളിൽ പ്രവർത്തിക്കുന്ന വമ്പൻ യന്ത്രങ്ങൾക്കും വാഹനങ്ങൾക്കും ഉപയോഗിക്കാനാണ് ഈ ഡീസൽ ശേഖരിക്കുന്നത്. വൻതോതിൽ വാഹനങ്ങളുള്ള ഇത്തരം ക്വാറികളിൽ നികുതി വെട്ടിച്ചുള്ള ഡീസൽ ഉപയോഗം വഴി ഭീമമായ ലാഭമാണ് ഉടമകൾക്ക് ലഭിക്കുന്നത്. പല ക്വാറികളിലും രഹസ്യമായി ചെറിയ ഇന്ധന പമ്പുകൾ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സൂക്ഷിക്കുന്ന ഡീസൽ യന്ത്രങ്ങൾക്കും ലോറികൾക്കും മറ്റ് വാഹനങ്ങൾക്കും ആവശ്യാനുസരണം നിറച്ചു നൽകുകയാണ് പതിവ്.

ഇന്നലെ പിടികൂടിയ ടാങ്കർ ലോറിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, മുക്കം, മലപ്പുറം ഭാഗങ്ങളിലെ ക്വാറികളിലേക്ക് നേരത്തെയും ഇവർ ഇന്ധനം എത്തിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. കൂടാതെ തീരദേശത്തെ മൽസ്യബന്ധന ബോട്ടുകളിലേക്കും വള്ളങ്ങളിലേക്കും ഇന്ധനം മറിച്ചു വിൽക്കുന്നതായും വിവരങ്ങളുണ്ട്.

ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ കുട്ടിമാക്കൂലിൽ വെച്ചാണ് കടത്താൻ ശ്രമിച്ച 12,000 ലീറ്റർ ഡീസൽ പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ടാങ്കർ ലോറി ഡ്രൈവർ വടകര ചോറോട് മണിയാരത്ത് താഴെതയ്യുള്ളതിൽ ടി.ടി.ഷിജീഷ് (47), സഹോദരൻ വിജീഷ് (49) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തേക്കാണ് ഡീസൽ കൊണ്ടുപോകുന്നതെന്ന് ഇവർ മൊഴി നൽകി. ഇത്തരത്തിലുള്ള നികുതി വെട്ടിപ്പ് മൂലം സംസ്ഥാന ഖജനാവിന് മാസം തോറും കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് സംഭവിക്കുന്നത്.

Fashion ⏭️

Back to top button