HEALTH

ഒമ്പതാം വയസ്സിൽ കുഴഞ്ഞുവീണ് മരണം: കുട്ടികളിലെ ഹൃദയാഘാതവും അറിഞ്ഞിരിക്കേണ്ട മുന്നറിയിപ്പുകളും

ന്യൂഡൽഹിയിലെ മയൂർ വിഹാർ ഫേസ് 2-ലുള്ള ലവ്‌ലി ഹെറിറ്റേജ് സ്‌കൂളിൽ വെച്ച് ഒമ്പത് വയസ്സുകാരിയായ മൂന്നാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ദാരുണമായ സംഭവം. കായിക പരിശീലനത്തിന് ശേഷം ക്ലാസ് മുറിയിലേക്ക് തിരികെ എത്തിയ ഉടനെ കുട്ടി തളർന്നുവീഴുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളിൽ, കുട്ടി ക്ലാസിലേക്ക് നടന്നു വരുന്നതും രണ്ട് കൈകളും ഇടുപ്പിൽ വെക്കുന്നതും തുടർന്ന് പെട്ടെന്ന് നിലത്തേക്ക് പതിക്കുന്നതും വ്യക്തമായി കാണാം. സ്കൂൾ അധികൃതർ കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതായി പറയപ്പെടുന്നു. പിന്നീട് നിർമ്മൻ വിഹാറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്‌കൂൾ അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, കൃത്യസമയത്ത് സി.പി.ആർ (CPR) നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുക്കുകയും സിസിടിവി ദൃശ്യങ്ങൾ കസ്റ്റഡിയിലെടുത്ത് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തിരിക്കുകയാണ്.

സാധാരണഗതിയിൽ കുട്ടികളിൽ ഹൃദയാഘാതം അത്യപൂർവ്വമാണ്. എന്നാൽ മുൻകൂട്ടി ലക്ഷണങ്ങൾ പ്രകടമാക്കാതെ തന്നെ ഇത്തരം അത്യാഹിതങ്ങൾ സംഭവിക്കാമെന്ന് ഫോർട്ടിസ് ഹോസ്പിറ്റൽ ഓഖ്‌ലയിലെ പീഡിയാട്രിക് കാർഡിയോളജി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അനിത സക്‌സേന ചൂണ്ടിക്കാട്ടുന്നു. ഒമ്പത് വയസ്സുള്ള ഒരു കുട്ടിയുടെ കാര്യത്തിൽ ഇത്തരമൊരു സംഭവം വളരെ അപൂർവ്വമാണ്. കണ്ടെത്താതിരുന്ന ഹൃദയസംബന്ധമായ അസുഖങ്ങൾ കുട്ടിയിൽ ഉണ്ടായിരുന്നതാകാം ഇതിന് കാരണമെന്ന് അവർ അഭിപ്രായപ്പെടുന്നു.

മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളിലെ ഹൃദയാഘാതം വിരളമാണ്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ കണക്കുകൾ പ്രകാരം, കുട്ടികളിൽ ഹൃദയാഘാതം എല്ലായ്പ്പോഴും ഹൃദയത്തിൽ നിന്നുള്ള പ്രശ്നങ്ങൾ കൊണ്ടുമാത്രമാകണമെന്നില്ല. പലപ്പോഴും ഗുരുതരമായ ശ്വസനപ്രശ്നങ്ങളോ അമിതമായ ഷോക്കോ ഇതിലേക്ക് നയിക്കാറുണ്ട്. ജന്മനായുള്ള ഹൃദയവൈകല്യങ്ങൾ അല്ലെങ്കിൽ പാരമ്പര്യമായി ലഭിക്കുന്ന ഹൃദയമിടിപ്പിലെ താളപ്പിഴകൾ എന്നിവയുള്ള കുട്ടികൾക്കാണ് ഇത്തരം അപകടസാധ്യതകൾ കൂടുതൽ. ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുന്ന കുട്ടികളിൽ ശ്വാസോച്ഛ്വാസം നിലയ്ക്കുകയോ അസ്വാഭാവികമായി കിതയ്ക്കുകയോ ചെയ്താൽ അത് മെഡിക്കൽ അടിയന്തരാവസ്ഥയാണ്. അത്തരം സാഹചര്യങ്ങളിൽ ഉടനടി സി.പി.ആർ നൽകുന്നതും ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ (AED) ഉപയോഗിക്കുന്നതും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്.

ചെറിയ കുട്ടികളിലെ ഹൃദയസംബന്ധമായ അടിയന്തരാവസ്ഥയ്ക്ക് കാരണങ്ങൾ:

ജന്മനായുള്ള ഹൃദയ വൈകല്യങ്ങൾ: ഹൃദയത്തിന്റെ ഘടനയിലോ രക്തം പമ്പ് ചെയ്യുന്ന രീതിയിലോ ഉള്ള ജന്മനായുള്ള തകരാറുകൾ പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാക്കാതെ ബാല്യത്തിൽ തുടരാം.

അസാധാരണമായ ഹൃദയ താളങ്ങൾ (Arrhythmias): ഹൃദയത്തിന്റെ ഇലക്ട്രിക്കൽ സിസ്റ്റത്തിലുണ്ടാകുന്ന തകരാറുകൾ കാരണം ഹൃദയം വളരെ വേഗത്തിലോ ക്രമരഹിതമായോ മിടിക്കുന്നത് പെട്ടെന്നുള്ള മരണത്തിന് കാരണമാകാം. ലോംഗ് ക്യുടി സിൻഡ്രോം, വുൾഫ്-പാർക്കിൻസൺ-വൈറ്റ് സിൻഡ്രോം തുടങ്ങിയവ ഇതിൽ പ്രധാനമാണ്.

കാർഡിയോമയോപ്പതി: ഹൃദയപേശികൾ കട്ടിയാകുകയോ ബലഹീനമാകുകയോ ചെയ്യുന്ന അവസ്ഥയാണിത്. ഇത് പലപ്പോഴും പാരമ്പര്യമായി ലഭിക്കുന്നതാണ്. യശോദ മെഡിസിറ്റിയിലെ ഡോ. ഗൗരവ് കുമാർ പറയുന്നതനുസരിച്ച്, ഗുരുതരമായ ഒരു സംഭവം ഉണ്ടാകുന്നത് വരെ ഈ രോഗം തിരിച്ചറിയപ്പെടാതെ പോകാൻ സാധ്യതയുണ്ട്.

മയോകാർഡിറ്റിസ്: അണുബാധയെ തുടർന്ന് ഹൃദയപേശികളിൽ ഉണ്ടാകുന്ന വീക്കം ഹൃദയസ്തംഭനത്തിന് വഴിയൊരുക്കിയേക്കാം.

ഗുരുതരമായ ശ്വസന പ്രശ്നങ്ങൾ: കടുത്ത ആസ്ത്മ, ന്യുമോണിയ, ശ്വാസതടസ്സം, വെള്ളത്തിൽ മുങ്ങൽ എന്നിവ ഓക്സിജന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ പ്രവർത്തനരഹിതമാക്കുകയും ചെയ്യും.

അണുബാധകളും സെപ്‌സിസും: ഗുരുതരമായ അണുബാധകൾ ശരീരത്തിൽ ഷോക്കിന് കാരണമാവുകയും അവയവങ്ങളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യും.

അലർജി പ്രതിപ്രവർത്തനങ്ങൾ: അനാഫിലാക്സിസ് എന്ന തീവ്രമായ അലർജി ശ്വാസകോശത്തെയും രക്തസമ്മർദ്ദത്തെയും ബാധിക്കാം.

ശാരീരിക ആഘാതം: നെഞ്ചിലുണ്ടാകുന്ന ശക്തമായ ക്ഷതം അല്ലെങ്കിൽ അമിതമായ രക്തനഷ്ടം എന്നിവയും ഹൃദയത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കാം.

കാരണമറിയാത്ത ബോധക്ഷയം, വ്യായാമവേളയിലെ നെഞ്ചുവേദന, ശ്വാസതടസ്സം അല്ലെങ്കിൽ കുടുംബത്തിൽ പെട്ടെന്നുണ്ടായ മരണങ്ങളുടെ ചരിത്രം എന്നിവയുള്ള കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് വിദഗ്ധർ പറയുന്നു. എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ ഡോക്ടറുടെ ഉപദേശം തേടണം. “അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ ഓരോ മിനിറ്റും വിലപ്പെട്ടതാണ്. കൃത്യസമയത്തുള്ള ഇടപെടലുകൾ അതിജീവനസാധ്യത പതിന്മടങ്ങ് വർദ്ധിപ്പിക്കും,” ഡോ. സക്‌സേന കൂട്ടിച്ചേർത്തു.

Life Style ⏭️

Back to top button