ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവം: കോടതിയിൽ പൂർണ്ണ വിശ്വാസമെന്ന് അദ്ധ്യാപകൻ ജിജോ ജെയിംസ്

സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തിൽ മറുപടിയുമായി കായിക അദ്ധ്യാപകൻ ജിജോ ജെയിംസ് രംഗത്ത്. താൻ ജീവനുള്ള പുഴുവിനെ ഭക്ഷണത്തിൽ കണ്ടു എന്ന് ആരോ പറഞ്ഞതായി പ്രചരിക്കുന്നതിൽ അടിസ്ഥാനമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. അത്തരമൊരു അവകാശവാദം താൻ ഉന്നയിച്ചതിന് യാതൊരു തെളിവുമില്ലെന്നും, വിഷയത്തിൽ കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സംഭവത്തിലെ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരേണ്ടത് തന്റെ ആവശ്യമാണെന്നും, നിയമനടപടികളിലും വകുപ്പുതല അന്വേഷണങ്ങളിലും തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും ജിജോ കൂട്ടിച്ചേർത്തു. പെരുമ്പാവൂരിലെ സാധാരണ സ്കൂളിൽ നിന്ന് വലിയൊരു സംഘം വിദ്യാർത്ഥികളുമായാണ് താൻ കായികമേളയ്ക്കെത്തിയത്. ഒമ്പത് പോയിന്റുകൾ നേടി അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടും, ഈ വിവാദം കാരണം തലയുയർത്തി മടങ്ങാൻ കഴിയാത്ത അവസ്ഥയായി. ഇത് തനിക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമാണ് ഉണ്ടാക്കിയത്.
ഈ നഷ്ടങ്ങൾക്കെല്ലാം ആര് സമാധാനം പറയുമെന്നാണ് ജിജോ ചോദിക്കുന്നത്. സത്യം തെളിയുമ്പോൾ മാത്രമെ തന്റെ നിരപരാധിത്വം സമൂഹത്തിന് ബോധ്യപ്പെടുകയുള്ളൂ. സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്ന ആരോപണത്തിൽ അന്വേഷണം നടക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫോൺ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും, ശാസ്ത്രീയ പരിശോധനയിലൂടെ യഥാർത്ഥ വിവരങ്ങൾ പുറത്തുവരുമെന്നും ജിജോ ജെയിംസ് വ്യക്തമാക്കി.




