BUSINESS
പെട്രോളിന് ഒറ്റയടിക്ക് 5 രൂപയും ഡീസലിന് 3 രൂപയും കൂട്ടി ജിയോ ബിപി; കൊച്ചിയിലെ പുതിയ വില ഇങ്ങനെ

കൊച്ചി ∙ നയാര എനർജിക്കു പിന്നാലെ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി. പെട്രോൾ ലീറ്ററിന് ഒറ്റയടിക്ക് 5 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 118.69 രൂപയും ഡീസലിന് 105.59 രൂപയുമായി. നയാര എനർജി കഴിഞ്ഞ ആഴ്ചയാണ് വില കൂട്ടിയത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നു ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് സ്വകാര്യ കമ്പനികളെ വില കൂട്ടാൻ പ്രേരിപ്പിക്കുന്നത്. പൊതുമേഖല എണ്ണക്കമ്പനികളുടെ ഇന്ധനവിലയിൽ നിലവിൽ മാറ്റമില്ല. കൊച്ചിയിൽ പെട്രോൾ വില 113.63 രൂപയും ഡീസലിന് 102.54 രൂപയുമാണ്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര എനർജി പെട്രോളിന് ലീറ്ററിന് ഒറ്റയടിക്ക് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കഴിഞ്ഞയാഴ്ച വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 118.89 രൂപയും ഡീസലിന് 105.50 രൂപയുമായി. മേയ് മാസത്തിൽ പെട്രോളിനും ഡീസലിനും എട്ടു രൂപ വീതം പൊതുമേഖലാ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നു. ഇന്ത്യയിൽ 90% പെട്രോൾ പമ്പുകളും പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നിവയുടെ കീഴിലാണ്. ഇന്ത്യയിലാകെ 1.04 ലക്ഷം പെട്രോൾ പമ്പുകളുണ്ട്. പൊതുമേഖലാ കമ്പനികൾ പെട്രോൾ ലീറ്ററിന് 8 രൂപയും ഡീസൽ ലീറ്ററിന് 9 രൂപയും നഷ്ടം നേരിടുന്നുണ്ടെന്ന് റേറ്റിങ് ഏജൻസിയായ ഇക്ര അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിൽപനയിൽ പ്രതിദിനം 530 കോടി രൂപയാണ് കമ്പനികളുടെ നഷ്ടമെന്നും ഇക്ര ചൂണ്ടിക്കാട്ടിയിരുന്നു.
Travel ⏭️




