BUSINESS

അപ്രതീക്ഷിത അവസരം മുതലെടുക്കാന്‍ അദാനി; ഇന്ത്യയ്ക്ക് മേലേ വിമാനം പറത്താന്‍ ശ്രമം, എതിര്‍പ്പുമായി മുന്‍നിര കമ്പനികള്‍


Indian Aviation Policy Exemption: തുറമുഖങ്ങള്‍ക്കും, വിമാനത്താവളങ്ങള്‍ക്കും പുറമേ എയര്‍ലൈന്‍ കമ്പനിക്കായി നീക്കങ്ങള്‍ ആരംഭിച്ച് അദാനി ഗ്രൂപ്പ്. സ്വന്തം വിമാനങ്ങള്‍ ആകാശത്ത് പറത്താന്‍ സര്‍ക്കാരിന്റെ ഇളവ് തേടിയിരിക്കുകയാണ് ഗൗതം അദാനി. വിമാനത്താവളം നടത്തുന്നവര്‍ തന്നെ വിമാനക്കമ്പനിയും തുടങ്ങിയാല്‍ സാധാരണക്കാരുടെ യാത്രാച്ചെലവിനെയും, വിപണിയിലെ ആരോഗ്യകരമായ മത്സരത്തെയും ബാധിക്കുമെന്ന ആശങ്കയിലാണ് വ്യോമയാന മേഖല. അതേസമയം അദാനിയുടെ നീക്കം ഇന്ത്യയിലെ അപ്രതീക്ഷിത അവസരം മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. എന്താണ് അദാനി ഗ്രൂപ്പിന്റെ പുതിയ നീക്കം? വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയുടെ നടത്തിപ്പിന് പുറമെ ഇന്ത്യയില്‍ സ്വന്തമായി ഒരു വിമാനക്കമ്പനി (Airline) ആരംഭിക്കുകയാണ് ഗൗതം അദാനിയുടെ ലക്ഷ്യം. അദാനിക്ക് പുറമെ ഡല്‍ഹി വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ജിഎംആര്‍ (GMR) ഗ്രൂപ്പും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്തുകൊണ്ട് സര്‍ക്കാരിനെ സമീപിച്ചു? ഇന്ത്യന്‍ വ്യോമയാന നിയമപ്രകാരം വിമാനത്താവളങ്ങളുടെ നടത്തിപ്പുകാര്‍ക്ക് ഏതെങ്കിലും എയര്‍ലൈന്‍ കമ്പനിയില്‍ 10 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കാന്‍ അധികാരമില്ല. നിലവില്‍ മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ ഇവര്‍ക്ക് സ്വന്തമായി ഒരു എയര്‍ലൈന്‍ ആരംഭിക്കണമെങ്കില്‍ ഈ നിബന്ധനകളില്‍ ഇളവ് ആവശ്യമാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയം, നിയമ മന്ത്രാലയം, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര കാബിനറ്റ് എന്നിവയുടെ പ്രത്യേക അനുമതിക്കാണ് ഇവര്‍ ശ്രമിക്കുന്നത്. അവസരം മുതലെടുക്കാന്‍ ശ്രമം ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന വിപണിയുടെ 90 ശതമാനവും നിലവില്‍ 2 കമ്പനികളുടെ കൈയ്യിലാണ്. അടുത്തിടെയുണ്ടായ ഇന്‍ഡിഗോ പ്രതിസന്ധി ഇന്ത്യയുടെ വ്യോമയാന മേഖലയെ ബാധിച്ചത് എങ്ങനെയെന്ന് നിങ്ങള്‍ മറന്നിരിക്കില്ലല്ലോ? ജെറ്റ് എയര്‍വേയ്സ്, ഗോ ഫസ്റ്റ് തുടങ്ങിയവ തകര്‍ന്നതോടെ വിപണിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഇന്‍ഡിഗോ (IndiGo), എയര്‍ ഇന്ത്യ (Air India) എന്നീ രണ്ട് കമ്പനികളാണ്. മേഖലയില്‍ കൂടുതല്‍ മത്സരം കൊണ്ടുവരാന്‍ വിമാനത്താവള നടത്തിപ്പുകാര്‍ക്ക് സ്വന്തമായി എയര്‍ലൈന്‍ ആരംഭിക്കാന്‍ അനുമതി നല്‍കുന്ന പുതിയ നയം സര്‍ക്കാര്‍ തലത്തില്‍ സജീവ ചര്‍ച്ചയിലാണ്. ഇതിനിടെയാണ് അദാനി കരുക്കള്‍ നീക്കുന്നത്. എതിര്‍പ്പ് ശക്തംഅതേസമയം അദാനി, ജിഎംആര്‍ എന്നിവരുടെ നീക്കങ്ങള്‍ക്കെതിരേ ശക്തമായ എതിര്‍പ്പ് ഉയരുന്നുണ്ട്. വിമാനത്താവളത്തിന്റെ നിയന്ത്രണമുള്ളവര്‍ തന്നെ സ്വന്തമായി എയര്‍ലൈന്‍ തുടങ്ങുന്നത് മറ്റ് വിമാനക്കമ്പനികള്‍ക്ക് വലിയ ഭീഷണിയാകുമെന്ന് ഇവര്‍ പറയുന്നു. അദാനിയെപ്പോലുള്ള നടത്തിപ്പുകാര്‍ സ്വന്തം വിമാനങ്ങള്‍ക്ക് ടേക്ക് ഓഫിനും ലാന്‍ഡിംഗിനുമായി വിമാനത്താവളത്തില്‍ ഏറ്റവും മികച്ച സമയവും സൗകര്യങ്ങളും മാറ്റിവെക്കുമെന്നാണ് പ്രധാന ആരോപണം. ഇവര്‍ സ്വന്തം വിമാനങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്നത് വിപണിയിലെ ആരോഗ്യകരമായ മത്സരത്തെ ഇല്ലാതാക്കുമെന്ന് മറ്റ് കമ്പനികള്‍ ആശങ്കപ്പെടുന്നു. വിമാനത്താവളങ്ങള്‍ നടത്തുന്നവര്‍ എയര്‍ലൈന്‍ സ്വന്തമാക്കുന്നത് അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ഇന്ത്യ പോലുള്ള ഒരു രാജ്യം അത്തരം അനുമതി നല്‍കുന്നത് വിപണികളില്‍ ഒരു തെറ്റായ കീഴ്‌വഴക്കത്തിന് വഴിവയ്ക്കുമെന്ന് വിലയിരുത്തപ്പെടുന്നു.


Read News

Back to top button