NEWS
ഇന്ന് ഇന്ത്യാസഖ്യം ഇറങ്ങും; സുപ്രീം കോടതിയിലേക്ക് മാർച്ച്

ന്യൂഡൽഹി ∙ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാസഖ്യം വീണ്ടും പ്രതിഷേധരംഗത്ത്. 2 ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നു സുപ്രീം കോടതിയിലേക്കു മാർച്ച് ചെയ്യാനാണ് ആലോചന. വൈകിട്ട് നാലിന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് പ്രതിപക്ഷ പാർട്ടി നേതാക്കൾ സംയുക്തമായി നിവേദനം നൽകാൻ സമയം ചോദിച്ചെങ്കിലും കൂടിക്കാഴ്ചയ്ക്കു ചീഫ് ജസ്റ്റിസ് അനുമതി നൽകിയില്ല. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ നിവേദനത്തിനു പകരം ഹർജി നൽകാൻ നിർദേശിച്ചു. നാളെ അതു പരിഗണിക്കാമെന്നും മൗലികാവകാശം ലംഘിക്കപ്പെട്ടാൽ ഏതു പൗരനും സമീപിക്കുന്നതിനായി സുപ്രീം കോടതി 24 മണിക്കൂറും തുറന്നിട്ടിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രാഹുലും കോൺഗ്രസ് അധ്യക്ഷൻ ഖർഗെയുമാണു കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചു കത്തുനൽകിയത്ഇന്നത്തെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ കേരളത്തിലെ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ഡൽഹിയിൽ എത്തിയിട്ടുണ്ട്. നാളെയും പ്രതിഷേധം തുടരും. വിവിധ സംസ്ഥാനങ്ങളിലെ എംഎൽഎമാരോടും സംസ്ഥാന ഭാരവാഹികളോടും ഡിസിസി പ്രസിഡന്റുമാരോടും പ്രതിഷേധത്തിൽ പങ്കെടുക്കാൻ നാളെ ഡൽഹിയിൽ എത്താനാണു നിർദേശം. നിയമസഭ നടക്കുന്നതിനാൽ കേരളത്തിലെ എംഎൽഎമാർക്ക് ഇളവു നൽകി. ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന ഏതൊരാൾക്കും തങ്ങളുടെ പ്രതിഷേധത്തിൽ പങ്കെടുക്കാമെന്നാണു കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. ഡൽഹിയിൽ പ്രതിഷേധം തുടരുന്ന യുവാക്കൾക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.
Fashion ⏭️




