NEWS

വാഖൻ അതിർത്തി തുറന്ന് അഫ്ഗാനിസ്ഥാൻ; പൊതു റോഡല്ല, ലക്ഷ്യം പേർഷ്യൻ ഗൾഫ്, ഇന്ത്യയുമായി ഉൾപ്പെടെ 3800 കോടിയുടെ വ്യാപാരക്കരാറും


പാക്കിസ്ഥാനുമായുള്ള ബന്ധം പൂർണമായി വഷളായതോടെ വ്യാപാരരംഗത്ത് പിടിച്ചുനിൽക്കാൻ സകല വഴികളും തേടി അഫ്ഗാനിസ്ഥാൻ. ഇതിന്റെ ഭാഗമായി ചൈനയിലേക്കുള്ള ഇടുങ്ങിയ വഴിയുള്ള അതിർത്തിയായ വാഖൻ തുറക്കാൻ അഫ്ഗാൻ ഭരണകൂടം തീരുമാനിച്ചു. ബാദഖ്ഷാൻ പ്രവിശ്യയിലാണ് 121 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത. നിലവാരമുള്ള റോഡുകളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത വാഖനിലേക്ക് പൊതുഗതാഗതത്തിന് അനുവാദമില്ല. ചൈനയുടെ ഉൾപ്പെടെ സഹായത്തോടെ റോഡുകളും മറ്റും മെച്ചപ്പെടുത്തി ചരക്കുനീക്ക ഇടനാഴിയാക്കുകയാണ് ലക്ഷ്യം. ഇതുവഴി പേർഷ്യൻ ഗൾഫിലേക്ക് കടക്കാനാകുമെന്നാണ് അഫ്ഗാനിസ്ഥാൻ ഭരണകൂടത്തിന്റെ പ്രതീക്ഷ. വാഖൻ തുറന്നുകിട്ടുന്നത് ചൈനയ്ക്ക് അപ്രതീക്ഷിത നേട്ടമാകും. അഫ്ഗാൻ വഴി ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ കടക്കാനാകുമെന്നതാണ് നേട്ടം. ചൈന-അഫ്ഗാൻ-ഇറാൻ ചരക്കുനീക്കത്തിനും വാഖൻ നിർണായകമായി മാറും. വാഖൻ പാത സജീവമാകുന്നത് മേഖലയിൽ പാക്കിസ്ഥാന്റെ പ്രാധാന്യത്തിന് തിരിച്ചടിയാവുകയും ചെയ്യും. നേരത്തേ പാക്കിസ്ഥാൻ വഴിയായിരുന്നു അഫ്ഗാന്റെ വിദേശ കയറ്റുമതികൾ. പാക്കിസ്ഥാനും അഫ്ഗാനും തമ്മിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്. ഇതുമൂലം അതിർത്തികൾ അടച്ചതോടെ അഫ്ഗാൻ വ്യാപാരികൾക്ക് പാക്കിസ്ഥാനിലേക്ക് കടക്കാനോ പാക്ക് തുറമുഖങ്ങളായ കറാച്ചി, ഗ്വാദർ എന്നിവ ഉപയോഗിക്കാനോ പാറ്റാത്ത സ്ഥിതിയായി. ഇതോടെയാണ് അഫ്ഗാൻ മറ്റുവഴികൾ തേടിയിറങ്ങിയത്. ബദൽ മാർഗങ്ങൾ തേടുന്നതിന്റെ ഭാഗമായി മധ്യേഷ്യൻ രാജ്യങ്ങളുമായി ഉൾപ്പെടെ വ്യാപാരബന്ധം അഫ്ഗാൻ മെച്ചപ്പെടുത്തി. കാബുളിൽ കഴിഞ്ഞദിവസം അഫ്ഗാനിസ്ഥാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്ചാമത് ഇമാം അബു ഹനീഫ നാഷനൽ ആൻഡ് ഇന്റർനാഷനൽ എക്സിബിഷനിൽവച്ച് ഇന്ത്യ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളുമായി 400 മില്യൻ ഡോളറിന്റെ (ഏകദേശം 3800 കോടി രൂപ) വ്യാപാരക്കരാർ അഫ്ഗാൻ ഒപ്പുവച്ചു. വിദേശ കയറ്റുമതിക്കായി ഇറാനിലെ ചബഹാർ തുറമുഖം ഉപയോഗിക്കാനും ഒരുങ്ങുകയാണ് അഫ്ഗാൻ. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ടെർമിനലും ചബഹാറിലുണ്ട്. ചബഹാർ പ്രത്യേക സാമ്പത്തിക മേഖലയിൽ അഫ്ഗാനിസ്ഥാന് 110 ഹെക്ടർ ഭൂമി അനുവദിക്കാനും ഇറാൻ ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ട്. Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മനോരമയുടേതല്ല. അത് X/Bashir Gharwal غروالൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.


Fashion ⏭️

Back to top button