BUSINESS
‘അംബാനിയുടെ ലാഭം കുറയും, എന്നാലും ഗുണം ഇന്ത്യക്കാർക്കല്ലേ’: വീണ്ടും മസ്ക്, ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശതകോടീശ്വരനെ പ്രേരിപ്പിച്ചതെന്ത്?

ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ പ്രകോപനം തുടരുന്നു. വിഷയത്തിൽ കേന്ദ്രസർക്കാരുമായുള്ള വാക്പോര് ശക്തമാകുന്നതിനിടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ ലക്ഷ്യം വച്ച് മസ്കിന്റെ പുതിയ പോസ്റ്റ് പുറത്ത്. സ്റ്റാർലിങ്കിന്റെ സേവനം ഇന്ത്യയിലെ സാധാരണക്കാര്ക്കു ഗുണം ചെയ്യുമെന്ന് മസ്ക് പറഞ്ഞു. അംബാനിയുടെ ഇന്റർനെറ്റിലെ പോരാളികൾ ഉയർത്തുന്ന വാദങ്ങൾ തികച്ചും യുക്തിരഹിതമാണ്. അംബാനിയുടെ ഏകാധിപത്യ കമ്പനി നൽകുന്ന കുറഞ്ഞ വിലയിലുള്ള ഇന്റർനെറ്റുമായി മത്സരിക്കാൻ സ്റ്റാർലിങ്കിനാകില്ലെന്നാണ് ഒരു വശത്ത് ഇവർ വാദിക്കുന്നത്. അതേസമയംതന്നെ സ്റ്റാർലിങ്ക് ഇന്ത്യയിൽ മറ്റ് കമ്പനികൾക്ക് വെല്ലുവിളിയാകുമെന്നും ഇവർ പറയുന്നു. എന്തൊരു ഇരട്ടത്താപ്പാണിത്. കൂടുതൽ സാധ്യതകൾ വരുന്നതോടെ ഇതിന്റെ നേട്ടം ഇന്ത്യക്കാർക്കാണ് ലഭിക്കുന്നത്. അംബാനിയുടെ ലാഭം കുറയുമെന്നത് സത്യം തന്നെയാണ്. എന്നാലും അവർ ബിസിനസിൽനിന്ന് പുറത്തു പോകില്ല. സ്റ്റാർലിങ്കിന്റെ വില കൂടുതലാണെങ്കിൽ ഇന്ത്യക്കാരാരും വാങ്ങില്ല. അതുകൊണ്ട് താങ്ങാവുന്ന നിലയിലാകും സ്റ്റാർലിങ്ക് ഇന്റർനെറ്റെന്നും അദ്ദേഹം കുറിച്ചു.∙ എന്താണ് വിവാദം? ഇന്ത്യയിൽ സ്റ്റാർലിങ്കിന് അനുമതി ലഭിക്കാൻ വൈകുന്നതുമായി ബന്ധപ്പെട്ട് മസ്ക് നടത്തിയ ആരോപണങ്ങളാണ് പുതിയ വിവാദത്തിന് കാരണം. ഇന്ത്യയിലേക്കുള്ള സ്റ്റാർലിങ്കിന്റെ വരവ് തടയാൻ ശ്രമിക്കുന്നത് രാജ്യത്തെ ചില ‘പ്രഭുക്കൾ’ ആണെന്നായിരുന്നു മസ്കിന്റെ ആരോപണം. ഇത് കേന്ദ്ര ടെലികോം വകുപ്പ് തള്ളിയിരുന്നു. പിന്നാലെ, ‘അംബാനിയാണോ യഥാർഥ ബോസ്’ എന്ന ചോദ്യവുമായി മസ്ക് രംഗത്തെത്തി. പിറ്റേന്ന് ‘പ്രധാനമന്ത്രി അംബാനി’ എന്നു തുടങ്ങുന്ന പോസ്റ്റിട്ട് പ്രകോപനം രൂക്ഷമാക്കി. സ്റ്റാർലിങ്കിന് അനുമതി നൽകുന്നതിൽ വിവേചനം ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര നിലപാട്. സ്റ്റാർലിങ്ക് അടക്കം 3 കമ്പനികൾക്ക് ലൈസൻസ് നൽകിയെങ്കിലും സുരക്ഷാപരിശോധന തുടരുകയാണ്. ഇത് പൂർത്തിയാകുമ്പോൾ സ്പെക്ട്രം അനുവദിക്കുമെന്നും സർക്കാർ വ്യക്തമാക്കി. രാജ്യസുരക്ഷ പണയപ്പെടുത്തി ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. എന്നാൽ, 165 രാജ്യങ്ങളിൽ സ്റ്റാർലിങ്കിന് ലൈസൻസ് ഉണ്ടെന്നും ഇന്ത്യയിലെ എല്ലാ നിയമപരമായ ആവശ്യങ്ങളും തങ്ങൾ നിറവേറ്റിയെന്നും മസ്ക് പറഞ്ഞു. എന്നിട്ടും ലൈസൻസ് അനുവദിക്കാത്തത് എന്തുകൊണ്ടാണെന്നാണ് മസ്ക് ചോദിക്കുന്നത്. പ്രധാനമായും മൂന്ന് സാറ്റലൈറ്റ് ഇന്റർനെറ്റ് കമ്പനികളാണ് സർക്കാരിനു മുന്നിൽ അനുമതി തേടിയിട്ടുള്ളത്. എയർടെല്ലിന് പങ്കാളിത്തമുള്ള യൂടെൽസാറ്റ്, ജിയോയുമായി സഹകരണമുള്ള എസ്ഇഎസ്, സ്റ്റാർലിങ്ക് എന്നിവർ. അതുകൊണ്ടുതന്നെ സ്റ്റാർലിങ്ക് ഇന്ത്യയിലെത്തിയാൽ ഏറ്റവും കൂടുതൽ ഭീഷണിയാവുക എയർടെല്ലിനും ജിയോയ്ക്കുമാകും. സാറ്റലൈറ്റ് ഇന്റർനെറ്റിനു വേണ്ട സ്പെക്ട്രം ലേലം ചെയ്യണമെന്നാണ് 2024 ഒക്ടോബറിൽ ജിയോ ആവശ്യപ്പെട്ടത്. എന്നാൽ ഉദ്യോഗസ്ഥ തലത്തിൽ സ്പെക്ട്രം അനുവദിക്കാമെന്നായിരുന്നു സർക്കാർ നിലപാട്. ഇതുമായി ബന്ധപ്പെട്ട തർക്കം തുടരുന്നതിനിടെ എയർടെല്ലും ജിയോയും കഴിഞ്ഞ വർഷം സ്റ്റാർലിങ്കുമായി കരാറിലുമെത്തി. എന്നാൽ സ്റ്റാർലിങ്കിന് അനുമതി നൽകുന്നത് വൈകുകയായിരുന്നു. ∙ മസ്കിന്റെ പ്രകോപനം എന്തിന്?2026 ജൂണിലെ കണക്ക് പ്രകാരം 1.2 കോടി വരിക്കാരാണ് സ്റ്റാർലിങ്കിനുള്ളത്. കൂടുതൽ ഉപഭോക്താക്കളെ കൂട്ടിച്ചേർക്കാതെ സ്റ്റാർലിങ്കിന് ലാഭകരമായി മുന്നോട്ടു പോകാനാകില്ല. ഇവിടെയാണ് ഇന്ത്യയെന്ന വിപണിയുടെ സാധ്യത. സാറ്റലൈറ്റ് ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധ്യതയുള്ള കോടിക്കണക്കിന് ആളുകൾ ഇന്ത്യയിലുണ്ട്. ഇതുമുന്നിൽ കണ്ട് വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപുതന്നെ രാജ്യത്തെ 20 നഗരങ്ങളിൽ സ്റ്റാർലിങ്ക് ഗേറ്റ്വേകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത്രയൊക്കെ ചെയ്തിട്ടും അനുമതി ലഭിക്കാത്തതാണ് മസ്കിനെ പ്രകോപിച്ചതെന്നാണ് കരുതപ്പെടുന്നത്.
Travel ⏭️




