BUSINESS

ബാംഗ്ലൂർ ഡേയ്സിലും വസീറിലും കണ്ട ആ വീൽചെയർ; ഇന്ത്യയുടെ സ്വന്തം ‘ഓസ്ട്രിച്ച്’ പിറന്നത് കൊല്ലത്ത്, മാരുതി കാറിന്റെ വൈപ്പർ മോട്ടറിൽ നിന്ന് തുടക്കം


കൊച്ചി ∙ ചലനമറ്റവർക്ക് കരുത്തായി ഇന്ത്യയുടെ സ്വന്തം ‘ഓസ്ട്രിച്ച്’. മലയാളികളുടെ പ്രിയപ്പെട്ട സിനിമ ‘ബാംഗ്ലൂർ ഡേയ്‌സി’ലെ ആർജെ സാറയും (പാർവതി) ബോളിവുഡ് ചിത്രം ‘വസീറി’ൽ അമിതാഭ് ബച്ചനും ഉപയോഗിച്ച ഹൈടെക് വീൽചെയറുകളും അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. ആർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഈ അത്യാധുനിക വീൽ ചെയറുകൾ ഇറക്കുമതി ചെയ്തതല്ല. അവ പൂർണമായി ഇന്ത്യയിൽ പിറവിയെടുത്തതാണ്. അതിന്റെ പിന്നിൽ കൊല്ലം ശാസ്താംകോട്ടയിലെ 5 യുവാക്കളാണ്.ബിനു, ശ്രീജിത്ത്, ഹർഷ, ഹരി, വേണു – എല്ലാവരും ശാസ്താംകോട്ട ഡിബി കോളജിലെ പൂർവ വിദ്യാർഥികൾ. പഠനശേഷം അഞ്ചുപേരും തങ്ങളുടെ കരിയർ കെട്ടിപ്പടുക്കുന്ന തിരക്കിലായി. വേണുവും ശ്രീജിത്തും ഹർഷയും ഐബിഎമ്മിലും ബിനു കുവൈത്ത് എയർവേയ്‌സിലും ജോലി നേടിയപ്പോൾ, പ്രോഡക്ട് ഡിസൈൻ സ്പെഷലിസ്റ്റായ ഹരി ബെംഗളൂരുവിലെ ഇലക്ട്രിക് കാർ കമ്പനിയായ രേവയ്ക്കൊപ്പം ചേർന്നു. ഒരുമിച്ച് അർഥവത്തായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം അവരുടെ ഉള്ളിലുണ്ടായിരുന്നു. ആ യാത്രയാണ് ഓസ്ട്രിച്ചിലെത്തി നിൽക്കുന്നത്. ഹരിയാണ് പ്രോഡക്ട് ഡിസൈനിൽ മുൻകൈ എടുത്തത്.മാരുതി ബലേനോ കാറിന്റെ വൈപ്പർ മോട്ടർ ഉപയോഗിച്ചാണ് അവർ തങ്ങളുടെ ആദ്യത്തെ മോട്ടറൈസ്ഡ് വീൽ ചെയർ പ്രോട്ടോടൈപ്പ് നിർമിച്ചത്. 2007 ഓഗസ്റ്റിലാണ് ഔദ്യോഗികമായി കമ്പനി ആരംഭിക്കുന്നത്. ഓരോരുത്തരുടെയും ശാരീരിക അവസ്ഥകളും ആവശ്യങ്ങളും വ്യത്യസ്തമാണെന്ന തിരിച്ചറിവിൽ നിന്നാണ് ഇന്ത്യയിലെ ആദ്യത്തെ തനത് ഇലക്ട്രിക് വീൽ ചെയർ നിർമാതാക്കളായി ഓസ്ട്രിച്ച് മാറുന്നത്.ഓസ്ട്രിച്ച് തങ്ങളുടെ പേറ്റന്റ് ലഭിച്ച ‘ സ്പ്ലിറ്റ് ഫ്രെയിം ഷാസി ’സാങ്കേതികവിദ്യയിലൂടെ ചരിത്രം സൃഷ്ടിച്ചു. നാല് ചക്രങ്ങളും എപ്പോഴും നിലത്തുറപ്പിച്ചു നിർത്താൻ സഹായിക്കുന്ന ഈ സാങ്കേതികവിദ്യ ഏത് ദുർഘടമായ വഴിയിലും സുരക്ഷ ഉറപ്പാക്കി. മറ്റൊരു പ്രധാന കണ്ടുപിടിത്തമായിരുന്നു ഓട്ടമാറ്റിക് വീൽബേസ് അഡ്ജസ്റ്റർ. ജോയ്‌സ്റ്റിക് ഉപയോഗിച്ച് വീൽ ചെയറിന്റെ നീളം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന ഈ വിദ്യ, ഇടുങ്ങിയ മുറികളിലും ശുചിമുറികളിലും ഉപയോഗിക്കാൻ സൗകര്യമൊരുക്കി. ഇന്ന് 18000ൽ അധികം ആളുകൾ ഓസ്ട്രിച്ചിന്റെ വീൽചെയറുകൾ ഉപയോഗിക്കുന്നു. പ്രതിരോധ സേനയുടെ കന്റീൻ സ്റ്റോർസ് വഴിയും ഓസ്ട്രിച്ച് ഉൽപന്നങ്ങൾ ലഭ്യമാണ്. 180 കോടിയിലധികം രൂപയുടെ വരുമാനം നേടുന്ന പ്രസ്ഥാനമായി ഓസ്ട്രിച്ച് ഇന്ന് ചിറകടിച്ചുയരുന്നു.


Travel ⏭️

Back to top button