SPORTS

ഒന്നല്ല, രണ്ടല്ല, മൂന്നല്ല; 5 തവണ: ഇന്ത്യൻ ക്രിക്കറ്റിൽ ഇതാ ഒരു ‘അദ്ഭുത പ്രതിഭാസം’; അപൂർവ നേട്ടവുമായി ഇന്ത്യൻ ബോളർ


ഇൻഡോർ∙ അപൂർവമായൊരു പ്രതിഭാസത്തിനാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ ബോളർ നമൻ ധീറിന്റെ കാര്യമാണു പറഞ്ഞുവരുന്നത്. വിൻഡീസിനെതിരായ പരമ്പരയിൽ താരത്തിനെതിരെ ഒരു വെസ്റ്റിൻഡീസ് താരം സിക്സടിച്ച ശേഷം അടുത്ത പന്തിൽ പുറത്താകുന്ന രീതി തുടരുകയാണ്. ഒന്നല്ല അഞ്ചു തവണയാണ് മൂന്നു മത്സരങ്ങൾ പിന്നിടുമ്പോൾ ഇങ്ങനെ സംഭവിച്ചത്. ലക്നൗവില്‍ നടന്ന ഒന്നാം ട്വന്റി20യിൽ ഷായ് ഹോപ് മുതൽ മൂന്നാം മത്സരത്തിൽ കാമിൽ പുരാൻ വരെ അഞ്ച് വിക്കറ്റുകളാണ് നമൻ ധീറിന് ഈ രീതിയിൽ ലഭിച്ചത്. ഒന്നാം ട്വന്റി20യിൽ വിൻഡീസിന്റെ മധ്യനിര ബാറ്ററായ ഷമാർ സ്പ്രിങ്ങർ നമൻ ധീറിന്റെ 16–ാം ഓവറിലെ മൂന്നാം പന്തിൽ സിക്സടിച്ചിരുന്നു. ഇതേ ഓവറിലെ നാലാം പന്തിൽ അക്ഷർ പട്ടേലിന്റെ ക്യാച്ചിൽ സ്പ്രിങ്ങർ മടങ്ങി. ആദ്യ മത്സരത്തിൽ നാലോവറുകൾ പന്തെറിഞ്ഞ നമൻ ധീർ 31 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകളാണു വീഴ്ത്തിയത്.മൂന്നാം മത്സരത്തിൽ വിൻഡീസ് ഓപ്പണർ കാമിൽ പുരാൻ 11–ാം ഓവറിലെ അഞ്ചാം പന്തിൽ നമൻ ധീറിനെ സിക്സർ തൂക്കി. അടുത്ത പന്തിലും സിക്സിനു ശ്രമിച്ച താരത്തെ ബൗണ്ടറി ലൈനിൽ അർഷ്ദീപ് സിങ് കൈപ്പിടിയിലാക്കി. ഇൻഡോറിൽ നടന്ന പോരാട്ടത്തിൽ മൂന്നോവറുകൾ പന്തെറിഞ്ഞ താരം 39 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റുകൾ വീഴ്ത്തിയത്. റാഞ്ചിയിൽ നടന്ന രണ്ടാം മത്സരത്തിൽ രണ്ടോവറുകൾ പന്തെറിഞ്ഞ നമൻ ധീറിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.


Auto ⏭️

Back to top button