NEWS
‘ഒഴിപ്പിക്കാനയച്ച വിമാനങ്ങൾ കാലിയായി തിരിച്ചുപോയി’; പ്രവാസികൾ യുഎഇയെ ഏൽപ്പിച്ചത് ജീവനും കുടുംബവും സമ്പാദ്യവും

ദുബായ്∙ ഭാവിയിൽ ലോകം ഏറ്റവും കൂടുതൽ പന്തയം വയ്ക്കേണ്ട കറൻസി ജലമോ ഊർജമോ നിർമിതബുദ്ധിയോ (എഐ) ഡേറ്റയോ അല്ല, മറിച്ച് ‘വിശ്വാസ’മാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ദ് ലെറ്റേഴ്സ്’ എന്ന കൃതിയിലെ പുതിയ അധ്യായം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സുഹൃത്തുക്കളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ഒരു കൂടിക്കാഴ്ചയിലെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഷെയ്ഖ് മുഹമ്മദ് കത്തിലെ ആശയങ്ങൾ വിവരിക്കുന്നത്. ഭാവിയിലെ കറൻസി ജലമായിരിക്കുമെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ മനുഷ്യജീവിതത്തെ മാറ്റിമറിക്കുന്ന നിർമിതബുദ്ധിയായിരിക്കും അതെന്ന് മറ്റൊരാൾ പറഞ്ഞു. നിർമിതബുദ്ധിയെയും മുന്നോട്ട് നയിക്കുന്ന ഊർജമാണ് യഥാർഥ കറൻസിയെന്നായിരുന്നു വേറൊരു നിരീക്ഷണം. എന്നാൽ, ഇവയെല്ലാം പ്രധാനമാണെങ്കിലും യുഎഇ മുൻഗണന നൽകുന്നത് ജനങ്ങളുടെയും ലോകത്തിന്റെയും ‘വിശ്വാസ’ത്തിനാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഈ വിശ്വാസമാണ് നിർമിതബുദ്ധി മേഖലയിലെ നിക്ഷേപകരെയും പ്രഗൽഭരെയും രാജ്യത്തേക്ക് ആകർഷിക്കുന്നതെന്നും ഊർജ മേഖലയിൽ ആഗോള പങ്കാളികളെയും ജല മേഖലയിൽ മികച്ച സാങ്കേതികവിദ്യകളെയും ഉറപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക സ്ഥിരത ആരംഭിക്കുന്നത് മനുഷ്യന്റെ മനസ്സിലാണെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. സാമ്പത്തിക വിപണികളിലെ കണക്കുകൾ ഒറ്റരാത്രികൊണ്ട് തകരില്ല; നിക്ഷേപകരുടെ മനോവീര്യവും വിശ്വാസവുമാണ് ആദ്യം തകരുന്നത്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന ബോധ്യമാണ് നിയമത്തോടുള്ള ആദരവ് ഉറപ്പാക്കുന്നത്. സർക്കാർ സത്യസന്ധമാണെന്ന തിരിച്ചറിവാണ് വാർത്തകൾക്ക് വിശ്വാസ്യത നൽകുന്നത്. സർക്കാർ തങ്ങൾക്കൊപ്പമുണ്ടെന്ന നിക്ഷേപകരുടെ ഉറപ്പാണ് വിപണികളെ അചഞ്ചലമായി നിർത്തുന്നത്.ഭരണാധികാരികൾ എങ്ങനെ ഭരിക്കണം എന്ന പാഠങ്ങൾ മുതൽ വിവാഹം, കുടുംബം, നീതി, വികസനം എന്നിവയെക്കുറിച്ചുള്ള വ്യക്തിപരമായ കാഴ്ചപ്പാടുകൾ വരെ ഉൾക്കൊള്ളുന്നതാണ് ഷെയ്ഖ് മുഹമ്മദിന്റെ പുതിയ പുസ്തകം. ‘ലെസൺസ് ഫ്രം ലൈഫ്’ എന്ന പരമ്പരയിലെ രണ്ടാം ഭാഗമായ ‘ദ് ലെറ്റേഴ്സ്’ തന്റെ മക്കൾ, കുടുംബം, ഔദ്യോഗിക സംഘം, പൗരന്മാർ, ലോകം എന്നിവർക്കായി എഴുതിയ 26 കത്തുകളുടെ സമാഹാരമാണ്. പുസ്തകത്തിന്റെ അറബിക് പതിപ്പ് ലഭ്യമാണ്. ഇംഗ്ലിഷ് പതിപ്പ് ഈ മാസം 15 ന് പുറത്തിറങ്ങും.
Fashion ⏭️




