NEWS
‘കോടി ഭാഗ്യം’: പ്രവാസി മലയാളികൾക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയത്തിളക്കം, തുറന്നത് സ്വപ്നങ്ങളുടെ വിസ്മയപ്പെട്ടി

അബുദാബി∙ പ്രവാസലോകത്ത് സ്വപ്നങ്ങളുടെ വിസ്മയപ്പെട്ടി തുറക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2 മലയാളികളടക്കം 5 ഇന്ത്യക്കാർക്ക് അഭിമാനകരമായ നേട്ടം. ബിഗ് ടിക്കറ്റിന്റെ സീരീസ് 291ൽ യുഎഇയിലും ഒമാനിലുമായി പ്രവാസികളായ ഇന്ത്യൻ പൗരന്മാരാണ് സംയുക്തമായി 19,50,000 ദിർഹത്തിന്റെ (ഏകദേശം 5 കോടിയിലേറെ രൂപ) സമ്മാനങ്ങൾ സ്വന്തമാക്കിയത്. ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയ ഈ ഭാഗ്യം പ്രവാസികളിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.∙ മലയാളികൾക്ക് അഭിമാനമായി അജിതും ഇജാസും വിവിധ വിഭാഗങ്ങളിലായി സമ്മാനങ്ങൾ നേടിയവരിൽ മലയാളികളായ അജിത് കുമാർ വണ്ണാറത്തും മുഹമ്മദ് ഇജാസും ഉൾപ്പെടുന്നത് കേരളത്തിന് ഇരട്ടി മധുരമായി. ഒമാനിൽ ഡോക്യുമെന്റ് കൺട്രോളറായി ജോലി ചെയ്യുന്ന അജിത് കുമാർ വണ്ണാറത്ത് (54) പത്ത് വർഷമായി ഒമാനിലുണ്ട്. സുഹൃത്തുക്കൾ വഴിയാണ് അദ്ദേഹം ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നതും പതിവായി ടിക്കറ്റുകൾ എടുത്തുതുടങ്ങിയതും. പത്തോളം സുഹൃത്തുക്കൾ ചേർന്ന് എടുത്ത ടിക്കറ്റിലാണ് ഇക്കുറി 2,50,000 ദിർഹത്തിന്റെ (65 ലക്ഷത്തിലേറെ രൂപ) സമ്മാനം ഇവരെ തേടിയെത്തിയത്. കഴിഞ്ഞ പത്ത് വർഷമായി ഒമാനിലാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബം മുൻപ് കൂടെയുണ്ടായിരുന്നെങ്കിലും പിന്നീട് നാട്ടിലേക്ക് മടങ്ങി. എങ്കിലും അജിത് ജോലി ആവശ്യങ്ങൾക്കായി ഒമാനിൽ തന്നെ തുടരുകയാണ്. എൻജിനീയറായ സി. മുഹമ്മദ് ഇജാസ് കഴിഞ്ഞ ഏഴ് വർഷമായി കുടുംബത്തോടൊപ്പം അജ്മാനിലാണ് താമസിക്കുന്നത്. സമൂഹമാധ്യമം വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് മനസ്സിലാക്കിയ അദ്ദേഹം, ഏകദേശം ആറുമാസം മുമ്പാണ് തന്റെ ഭാഗ്യം പരീക്ഷിച്ചുതുടങ്ങിയത്. അന്നുമുതൽ പത്തംഗ സംഘത്തോടൊപ്പം ചേർന്ന് ഏതെങ്കിലും ഒരു ദിവസം തങ്ങളുടെ ടിക്കറ്റിനെ തേടി നല്ലൊരു വാർത്തയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഈ നറുക്കെടുപ്പിൽ പങ്കാളിയായത്.
Fashion ⏭️




