HEALTH

ദിവസവും 10,000 ചുവടുകൾ നടക്കണോ? വേഗവും പ്രധാനമാണ്


‘നടത്തമാണ് മനുഷ്യന്റെ ഏറ്റവും മികച്ച ഔഷധം’ എന്നൊരു വാക്യം പുരാതന ഗ്രീക്ക് വൈദ്യനായ ഹിപ്പോക്രാറ്റസിന്റെ പേരിൽ പ്രചരിക്കുന്നുണ്ട്. ഈ വാക്യം അദ്ദേഹം തന്നെയാണോ പറഞ്ഞതെന്നതിൽ തർക്കങ്ങളുണ്ടെങ്കിലും നടത്തത്തിന്റെ ആരോഗ്യഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേക ഉപകരണങ്ങളോ ചെലവോ ആവശ്യമില്ലാത്ത നടത്തം മിക്കവർക്കും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാവുന്ന വ്യായാമമാണ്. എന്നാൽ, ആരോഗ്യത്തിനായി ദിവസവും എത്ര ചുവടുകൾ നടക്കണം?ദിവസവും 10,000 ചുവടുകൾ നടക്കണമെന്ന ലക്ഷ്യത്തിന് പിന്നിൽ ശക്തമായ ശാസ്ത്രീയ അടിത്തറയില്ല. 1964-ലെ ടോക്കിയോ ഒളിമ്പിക്‌സിന് മുന്നോടിയായി ജപ്പാനിൽ പുറത്തിറക്കിയ ഒരു പെഡോമീറ്ററിന്റെ പരസ്യപ്രചാരണത്തിലൂടെയാണ് ഈ കണക്ക് പ്രചാരത്തിലായത്. ചുവടുകൾ എണ്ണുന്ന ഉപകരണത്തിന്റെ പ്രചാരണത്തിനായി തിരഞ്ഞെടുത്ത സംഖ്യയായിരുന്നു ഇത്.2025-ൽ ലാൻസെറ്റ് പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം 57 ഗവേഷണങ്ങൾ വിലയിരുത്തി. ദിവസവും 2,000 ചുവടുകൾ നടക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ 7,000 ചുവടുകൾ നടക്കുന്നവരിൽ അകാലമരണസാധ്യത 47 ശതമാനം കുറവാണെന്ന് പഠനം കണ്ടെത്തി. ഹൃദയസംബന്ധമായ രോഗസാധ്യത 25 ശതമാനവും പ്രമേഹസാധ്യത 14 ശതമാനവും കുറഞ്ഞു. ദിവസവും 2,000 ചുവടുകളിൽനിന്ന് 4,000 ചുവടുകളിലേക്ക് ഉയർത്തിയവരിലും അകാലമരണസാധ്യത 36 ശതമാനം കുറഞ്ഞു.എന്നാൽ, കൂടുതൽ നടക്കുമ്പോൾ ലഭിക്കുന്ന അധിക ആരോഗ്യഗുണം ഒരു ഘട്ടം കഴിഞ്ഞാൽ കുറഞ്ഞുവരും. 7,000 ചുവടുകളിൽനിന്ന് 10,000 ചുവടുകളിലേക്ക് ഉയർത്തുമ്പോൾ അകാലമരണസാധ്യതയിൽ വലിയ വ്യത്യാസം വരുന്നില്ല.നടത്തത്തിന്റെ വേഗത്തിനും പ്രാധാന്യം ചുവടുകളുടെ എണ്ണത്തിനൊപ്പം നടത്തത്തിന്റെ വേഗവും ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. ഒരു മിനിറ്റിൽ എടുക്കുന്ന ചുവടുകളുടെ എണ്ണത്തെയാണ് കാഡൻസ് (Cadence) എന്നു പറയുന്നത്. ഹൃദയമിടിപ്പ് ഉയരുകയും ശ്വാസോച്ഛ്വാസം അൽപം വേഗത്തിലാകുകയും ചെയ്യുന്ന തരത്തിൽ നടക്കുന്നത് കൂടുതൽ ആരോഗ്യഗുണങ്ങൾ നൽകാം.ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം ഏകദേശം എട്ടുവർഷത്തോളം 64,743 പേരുടെ നടത്തശീലങ്ങളും ആരോഗ്യഫലങ്ങളും വിലയിരുത്തിയിരുന്നു. ദിവസവും 0 മുതൽ 5,000 വരെ ചുവടുകൾ വേഗത്തിൽ നടന്നവർക്ക്, 5,000 മുതൽ 7,500 വരെ ചുവടുകൾ സാവധാനം നടന്നവരുടേതിന് സമാനമായ അകാലമരണസാധ്യതാ കുറവ് ലഭിച്ചതായിട്ടാണ് പഠനം സൂചിപ്പിക്കുന്നത്.


Cinema ⏭️

Back to top button