BUSINESS

വരുന്നു, പാലക്കാട് സ്മാർട് സിറ്റി മാതൃകയിൽ 3 വ്യവസായ പാർക്കുകൾ കൂടി; കേന്ദ്ര പദ്ധതിയിൽ ഇടം നേടാൻ രണ്ട് ജില്ലകൾ


തിരുവനന്തപുരം ∙ കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് വ്യവസായ സ്മാർട് സിറ്റി മാതൃകയിൽ 3 വ്യവസായ പാർക്കുകൾ കൂടി കേന്ദ്രസർക്കാരിന്റ ധനസഹായത്തോടെ വികസിപ്പിക്കാൻ കേരളം. എറണാകുളം, കണ്ണൂർ ജില്ലകളിലായി ആകെ 1280 ഏക്കർ ഭൂമി കേന്ദ്രത്തിന്റെ ‘ഭവ്യ’ സ്കീമിൽ ഉൾപ്പെടുത്താനാണു ശ്രമം. ഇതിൽ കണ്ണൂർ മട്ടന്നൂരിലെ 476 ഏക്കർ കേന്ദ്ര സ്കീമിൽപെടുത്താനുള്ള അപേക്ഷ നൽകി. മട്ടന്നൂരിൽ തന്നെ 446 ഏക്കറിൽ രണ്ടാമത്തെ പാർക്കിനുള്ള അപേക്ഷ ഈമാസം നൽകിയേക്കും. ഗിഫ്റ്റ് സിറ്റിയായി വികസിപ്പിക്കാൻ നേരത്തേ അങ്കമാലി അയ്യമ്പുഴയിൽ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്ന 358 ഏക്കറാണു മൂന്നാമത്തേത്. രാജ്യത്തു നടപ്പാക്കുന്ന 12 വ്യവസായ സ്മാർട് സിറ്റികളിൽ ഒന്നാണു കേന്ദ്രസഹായത്തോടെയുള്ള പാലക്കാട് സ്മാർട് സിറ്റി. കേരള സർക്കാരിനു കീഴിലുള്ള കിൻഫ്രയും കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്. തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപംകൊടുത്ത കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് എന്ന എസ്പിവി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന സർക്കാർ 1,489 കോടി രൂപ ചെലവിട്ടു കിൻഫ്ര വഴി 1,450 ഏക്കർ ഭൂമി ഏറ്റെടുത്തു നൽകിയിട്ടുണ്ട്. ഭൂമി വികസിപ്പിക്കാൻ ഇത്രയും തുക കേന്ദ്രസർക്കാരും മുടക്കും. വരുമാനം തുല്യമായി പങ്കിടും. ഭൂമി സംസ്ഥാനത്തിന്റെ ചെലവിൽ, പാർക്ക് വികസനം കേന്ദ്രത്തിന്റെ ചെലവിൽ എന്ന മാതൃകയാണു ഭവ്യ സ്കീമിലുമുള്ളത്. രാജ്യത്താകെ 100 വ്യവസായ പാർക്കുകളാണു ലക്ഷ്യം. ആദ്യത്തെ 50 എണ്ണം ഏപ്രിലിൽ പ്രഖ്യാപിക്കും. ഈ പട്ടികയിൽ ഇടംനേടാനാണു കേരളത്തിന്റെ ശ്രമം. സ്കീമിൽ ഉൾപ്പെട്ടാൽ പാർക്ക് വികസനത്തിന് ഏക്കറിന് ഒരു കോടി രൂപ വീതം കേന്ദ്രം നൽകും. പാലക്കാട് സ്മാർട് സിറ്റിക്കായി രൂപീകരിച്ച എസ്പിവിക്കു തന്നെ പദ്ധതി നടപ്പാക്കാനുമാകും. കേന്ദ്രാനുമതി ലഭിച്ചാൽ 3 മാസത്തിനകം ഭൂമി എസ്പിവിക്കു കൈമാറണം.


Travel ⏭️

Back to top button