NEWS

നെടുമ്പാശേരി അപകടം; മിനി കൂപ്പർ സഞ്ചരിച്ചത് 150 കിലോമീറ്റർ വേഗത്തിൽ, വീഡിയോ സ്‌നാപ്‌ചാറ്റിൽ

അപകടത്തിൽപ്പെട്ട മിനി കൂപ്പർ, സുഹൈൽ സജീവ്

കൊച്ചി: നെടുമ്പാശേരി അപകടത്തിൽ ഒന്നാം പ്രതി സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പ‌ർ സഞ്ചരിച്ചത് ഏകദേശം 150 കിലോമീറ്റർ വേഗതയിലെന്ന് പൊലീസ്. അര കിലോമീറ്റർ ദൂരം 11 സെക്കന്റുകൾകൊണ്ട് കടന്നുപോയെന്നാണ് പൊലീസ് പറയുന്നത്. 120 കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചരിച്ചതെന്നാണ് നേരത്തെ തെളിവെടുപ്പിനിടെ സുഹൈൽ പൊലീസിനോട് പറഞ്ഞത്.

അപകടത്തിന് ഏതാനും സെക്കന്റുകൾക്ക് മുൻപ് കാറിലുണ്ടായിരുന്ന സുഹൈലിന്റെ സുഹൃത്ത് ജോയൽ ചിത്രീകരിച്ച വീഡിയോയിൽ 140-150 കിലോമീറ്റർ സ്‌പീഡിലാണ് മിനി കൂപ്പർ സഞ്ചരിച്ചതെന്നത് വ്യക്തമാണ്. വീഡിയോയിൽ കാറിന്റെ സ്‌പീഡോമീറ്ററും ദൃശ്യമാണ്. ജോയൽ ഈ ദൃശ്യങ്ങൾ സ്‌നാപ്‌ചാറ്റിൽ പങ്കുവച്ചിരുന്നു. ഇത് പൊലീസിന് ലഭിച്ചു. സുഹൈലിനും ജോയലിനും പുറമെ നിനവ്, അമീൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്.

വാഹനം സഞ്ചരിച്ച വേഗതയുൾപ്പെടെയുള്ള വിവരങ്ങൾക്കായി മിനി കൂപ്പറിന്റെ ഇഡിആർ പൊലീസ് ജർമനിയിലേയ്ക്ക് അയക്കും. ബിഎംഡബ്ള്യൂ ആസ്ഥാനത്തെ വിദഗ്ദ്ധർ ഇഡിആർ പരിശോധിച്ചതിനുശേഷം വിവരം പൊലീസിന് കൈമാറും. കമ്പനിയുടെ സ്വകാര്യതാ നയങ്ങളെ ബാധിക്കാതിരിക്കാനാണ് നടപടി. എന്നാൽ ഇതിന് കാലതാമസം നേരിടുമെന്നാണ് കണക്കുകൂട്ടൽ.

അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള കുറച്ച് സെക്കൻഡുകളിലെ വാഹനത്തിന്റെ വേഗത, ബ്രേക്ക് ഉപയോഗിച്ചോ ഇല്ലയോ എന്നത്, സ്റ്റിയറിംഗ് ആംഗിൾ, സീറ്റ് ബെൽറ്റ് ധരിച്ചിരുന്നോ, എയ‌ർ ബാഗുകൾ പ്രവർത്തിച്ചോ തുടങ്ങിയ സുപ്രധാന വിവരങ്ങൾ ഇഡിആർ പരിശോധനയിലൂടെ കണ്ടെത്താനാകും.

English Summary

Police say the Mini Cooper involved in the Nedumbassery accident was travelling at approximately 150 km/h, covering half a kilometre in 11 seconds. A video recorded by passenger Joel reportedly shows the speedometer reading 140–150 km/h. Police plan to send the car’s Event Data Recorder (EDR) to Germany for expert analysis of speed, braking, steering, seat belts and airbag deployment.
RELATED TOPICS: NEDUMBASSERY ACCIDENT, SUHAIL SAJEEV, MINICOOPER, MINICOOPER ACCIDENT

Read News ⏭️

Back to top button