‘എനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് ഉറപ്പാണ്, ഇൻഡസ്ട്രി വിടുന്നു’; സീരിയലിൽ അഭിനയിക്കാനില്ലെന്ന് താരദമ്പതികൾ

അശ്വതി, രാഹുൽ
മാനസികമായ പീഡനങ്ങൾ കാരണം മലയാളം സീരിയലിൽ അഭിനയിക്കാനില്ലെന്ന വെളിപ്പെടുത്തലുമായി താരദമ്പതികൾ. മലയാളം സീരിയൽ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന അശ്വതിയും രാഹുലുമാണ് തങ്ങൾ നേരിടുന്ന ഗുരുതരമായ മാനസിക പീഡനങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷമായി തങ്ങൾ വ്യവസ്ഥാപിതമായ രീതിയിൽ ടാർഗറ്റ് ചെയ്യപ്പെടുകയാണെന്നും, ഇതിനെത്തുടർന്ന് കടുത്ത മാനസിക സമ്മർദ്ദവും ആരോഗ്യപ്രശ്നങ്ങളും അനുഭവിക്കുന്നുണ്ടെന്നും ദമ്പതികൾ വീഡിയോയിൽ പറയുന്നു.
സീരിയൽ സെറ്റുകളിൽ തങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ കഥകൾ പ്രചരിപ്പിക്കുകയും ഇത് ജോലിസ്ഥലത്ത് വലിയ മാനസിക വിഷമം ഉണ്ടാക്കുന്നുവെന്നും ഇവർ പറയുന്നു. ഇത്തരം തെറ്റായ പ്രചാരണങ്ങൾ മൂലം പല പ്രൊജക്ടുകളിൽ നിന്നും തങ്ങളെ ഒഴിവാക്കുകയും, പുതിയ അവസരങ്ങൾ ലഭിക്കാൻ പ്രയാസം നേരിടുകയും ചെയ്യുന്നതായി ദമ്പതികൾ ചൂണ്ടിക്കാട്ടി. ഈ മാനസിക സംഘർഷങ്ങൾ മൂലം തനിക്ക് പാനിക് അറ്റാക്ക് ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായതായി അശ്വതി വെളിപ്പെടുത്തി.
സീരിയൽ സെറ്റുകളിൽ കൂടെ അഭിനയിക്കുന്ന ചില സീനിയർ ആർട്ടിസ്റ്റുകളും മറ്റുള്ളവരും തങ്ങളെക്കുറിച്ച് മോശമായി സംസാരിക്കുകയും അനാവശ്യമായ ഗോസിപ്പുകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. തങ്ങളുടെ സമാധാനപരമായ ജീവിതത്തിന് മുൻഗണന നൽകിക്കൊണ്ട്, നിലവിൽ ഏറ്റെടുത്ത പ്രോജക്ടുകൾ പൂർത്തിയാക്കിയ ശേഷം സീരിയൽ മേഖലയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാനാണ് തീരുമാനം. തങ്ങൾ ഇരുവരും പരസ്പരം പിന്തുണച്ചുകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്നും, ആരെയും ഭയന്നല്ല ജീവിക്കുന്നതെന്നും ഇവർ വ്യക്തമാക്കി.
”ഞങ്ങൾ രണ്ടാളും സീരിയൽ രംഗത്ത് ജോലി ചെയ്യുന്നവരാണ്. വ്യക്തപരമായ ജീവിതത്തെക്കുറിച്ചോ പ്രശ്നങ്ങളെക്കുറിച്ചോ സമൂഹ മാദ്ധ്യമങ്ങളിലെവിടെയും ഞങ്ങൾ പറഞ്ഞിട്ടില്ല. കാരണം ഞങ്ങളുടെ ജീവിതം ഏറെ സ്വകാര്യതയോടെയാണ് കൊണ്ടുപോയിട്ടുള്ളത്. സീരിയൽ ഫീൽഡ് ഞാൻ വിടുകയാണ്. അത്രയും മാനസികബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുണ്ട്.
എന്റെ കൂടെ ഇരിക്കുന്ന ഭർത്താവിനെ ഞാൻ വളരെയധികം ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് ഒരുകൂട്ടം ആളുകൾ മാനസികമായി കൊല്ലുന്നു. ഇങ്ങനെയൊരു ഫീൽഡിൽ നിൽക്കുന്ന സമയത്ത് നമ്മളെക്കുറിച്ച് അറിയാത്തതും കേൾക്കാത്തതുമായ ഒരുപാട് കഥകൾ ഉണ്ടാകും. മറ്റുള്ളവർ പറയുന്ന കഥകളൊന്നും ഞങ്ങളെ ബാധിക്കാത്ത തരത്തിലാണ് ഞങ്ങൾ പരസ്പരം നിന്നിട്ടുള്ളത്.
ഇതുകാരണം ഞങ്ങളുടെ ജോലിയും സമാധാനവും വരുമാനവും നഷ്ടപ്പെട്ടിട്ടുണ്ട്. ക്ഷമയുടെ എല്ലാ പരിധിയും വിട്ടു. എനിക്കെന്തെങ്കിലും സംഭവിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു വിഡിയോയുമായി വന്നത്. എന്റെ ഈ പ്രായത്തിൽ കുടുംബത്തെ നോക്കുന്ന ഒരാളാണ് ഞാൻ. അച്ഛൻ മരിച്ചതിൽ പിന്നെ അമ്മയെയും അനിയനെയുമൊക്കെ ഞാനാണ് നോക്കുന്നത്. അത്യാവശ്യം ബോൾഡ് ആയ വ്യക്തിയാണ്. ഇങ്ങനെയൊരു അവസ്ഥയിൽ എത്തിച്ചതാണ്. കയ്യിൽ നിന്നും പോയ അവസ്ഥയാണ്. പൊതു സമൂഹത്തിനിടയിൽ നിൽക്കുമ്പോഴാണ് ഇങ്ങനെയൊരു അവസ്ഥയിലേക്ക് പോകുന്നത്. ആരോഗ്യം വളരെ മോശമാകുന്നു’- അവർ പറഞ്ഞു.
RELATED TOPICS: TV SERIAL COUPLE, MALAYALAM SERIAL ACTORS, TELEVISION INDUSTRY EXIT, SERIAL COUPLE QUITS ACTING, MALAYALAM TV SERIAL NEWS
Business ⏭️




