SPORTS
സിക്സർ തൂക്കി കളി ജയിപ്പിച്ചു, ‘പ്ലെയർ ഓഫ് ദ് മാച്ച്’ ആയില്ലെങ്കിലും 17 വർഷം പഴക്കമുള്ള റെക്കോര്‍ഡ് തകർത്ത് ഇന്ത്യൻ യുവതാരം

ക്രൈസ്റ്റ്ചർച്ച്∙ ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി20യിലെ തകർപ്പൻ ‘കാമിയോ’ പ്രകടനത്തിലൂടെ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് വിജയം സമ്മാനിച്ച താരമാണ് നമൻ ധീർ. 15 പന്തുകൾ മാത്രം നേരിട്ട നമൻ ധീർ 42 റൺസ് അടിച്ചുകൂട്ടിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. അർധ സെഞ്ചറി നേടിയ ഓപ്പണർ സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായപ്പോൾ, സിക്സർ പറത്തി കളി ജയിപ്പിച്ചത് നമൻ ധീറായിരുന്നു. കളിയിലെ താരത്തിനുള്ള പുരസ്കാരം നമൻ ധീറിനു നൽകണമെന്നു വാദിക്കുന്നവരും ഏറെയാണ്. ‘പ്ലെയർ ഓഫ് ദ് മാച്ച്’ ആയില്ലെങ്കിലും ട്വന്റി20 ക്രിക്കറ്റിലെ 17 വർഷം പഴക്കമുള്ള റെക്കോർഡ് സ്വന്തം പേരിലേക്കു തിരുത്തിയെഴുതിയാണ് ഇന്ത്യൻ ഓൾറൗണ്ടർ ഗ്രൗണ്ട് വിട്ടത്.ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് നാലു വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തപ്പോൾ, മറുപടിയിൽ 19.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയ റൺസ് കുറിച്ചു. ട്വന്റി20 ചരിത്രത്തിൽ ഇന്ത്യ പിന്തുടർന്നു ജയിക്കുന്ന ഉയർന്ന സ്കോറാണിത്. ക്രൈസ്റ്റ് ചർച്ചിൽ ട്വന്റി20യിലെ ഉയർന്ന റൺ ചേസ് കൂടിയാണ് ഇത്. ആഭ്യന്തര ടീമുകളായ കാന്റർബറി 2019–20 സൂപ്പര്‍ സ്മാഷ് ടൂർണമെന്റിൽ 223 റൺസ് പിന്തുടർന്ന് ജയിച്ചതായിരുന്നു ഈ വേദിയിലെ ഇതുവരെയുള്ള റെക്കോർഡ്.
Auto ⏭️




