BUSINESS
കൊച്ചിയിൽ നിന്ന് ബാങ്കോക്കിലേക്ക് പറക്കാൻ എയർ ഇന്ത്യ എക്സ്പ്രസും; ആഴ്ചയിൽ 4 സർവീസ്, ഇനി പുത്തൻ യൂണിഫോമും

നെടുമ്പാശേരി ∙ എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി–ബാങ്കോക്ക്–കൊച്ചി സർവീസ് ഒക്ടോബർ 25 മുതൽ ആരംഭിക്കും. ഞായർ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്ചയിൽ 4 സർവീസുകളാണ് ഉണ്ടാവുക. കൊച്ചിയിൽ നിന്ന് രാത്രി 10.15ന് പുറപ്പെട്ട് 3.55ന് ബാങ്കോക്കിൽ എത്തും. അവിടെ നിന്ന് 4.55ന് പുറപ്പെട്ട് രാവിലെ 7.40ന് കൊച്ചിയിലെത്തും. ബോയിങ് 737 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. നിലവിൽ എയർ ഏഷ്യ, തായ് ലയൺ എയർ എന്നിവ കൊച്ചിയിൽ നിന്ന് ബാങ്കോക്കിലേക്ക് സർവീസ് നടത്തുന്നുണ്ട്.എയർ ഇന്ത്യ എക്സ്പ്രസിന് പുതിയ യൂണിഫോംകൊച്ചി∙ എയർ ഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂവിന് പുതിയ യൂണിഫോം. എയർ ഇന്ത്യ എക്സ്പ്രസിന്റെ ടെയ്ൽസ് ഓഫ് ഇന്ത്യ ക്യാംപെയ്നിന് അനുസൃതമായി ഇന്ത്യയിലെ തനത് വസ്ത്ര നിർമാണ പാരമ്പര്യത്തെയും കരകൗശല വിദ്യകളെയും അടിസ്ഥാനമാക്കിയാണ് പുതിയ ഡിസൈൻ.സ്ഥാപനത്തിന്റെ തന്നെ ഡിസൈനറായ പൂജ കൃഷ്ണനാണ് യൂണിഫോം ഡിസൈൻ ചെയ്തത്. തമിഴ്നാട്ടിലെ കാഞ്ചീവരം, ഹിമാചൽ പ്രദേശിലെ പട്ടു, ഗുജറാത്തിലെ പടോല, അസമിലെ ഗമോസ, മധ്യപ്രദേശിലെ ബാഗ് എന്നിവയിൽ നിന്നുള്ള ഡിസൈൻ ഘടകങ്ങൾ പുതിയ യൂണിഫോമിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബനാന ക്രേപ്പ് തുണിയാണ് ഉപയോഗിച്ചിരിക്കുന്നത്.
Travel ⏭️


