വിദേശയാത്രയ്ക്ക് തച്ചങ്കരി പുറത്ത് ഇറങ്ങിയതല്ലേയുള്ളൂ എന്ന് ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിൽ കഴിയുന്ന മുൻ ഡി.ജി.പി ടോമിൻ ജെ.തച്ചങ്കരി വിദേശത്ത് പോകാൻ അനുമതി തേടി ഹൈക്കോടതിയിൽ ഉപഹർജി നൽകി. ‘ഇപ്പോൾ പുറത്തിറങ്ങിയതല്ലേ ഉള്ളൂ, കുറച്ച് കഴിയട്ടെ” എന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ വാക്കാൽ പറഞ്ഞു. വിശദീകരണത്തിന് സർക്കാർ സമയം തേടിയതിനാൽ ഹർജി നവംബർ 2ന് പരിഗണിക്കാൻ മാറ്റി.
ഷാർജയിൽ സ്വർണവ്യാപാര സ്ഥാപനത്തിൽ മാനേജരായി ജോലിയുണ്ടെന്നും മടങ്ങിയില്ലെങ്കിൽ അതു നഷ്ടപ്പെടുമെന്നുമാണ് തച്ചങ്കരിയുടെ ഉപഹർജിയിൽ പറയുന്നത്. ഐ.ടി സ്ഥാപനത്തിന്റെ പാർട്ണറാണെന്നും വിശദീകരിക്കുന്നുണ്ട്. 26ന് വിദേശത്തേക്ക് പോകാൻ അനുമതി നൽകണമെന്നാണ് ആവശ്യം. ജോലിയുടെയും യാത്രയുടെയും വിശദാംശങ്ങളും സമർപ്പിച്ചിട്ടുണ്ട്.
വിജിലൻസ് കേസിൽ നാലുവർഷം തടവിന് ശിക്ഷിക്കപ്പെട്ട ടോമിൻ തച്ചങ്കരിക്ക് കഴിഞ്ഞ 15നാണ് കർശന ഉപാധികളോടെ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. അനുമതിയില്ലാതെ ഇന്ത്യ വിടരുതെന്ന് വ്യവസ്ഥയുണ്ടായിരുന്നു. 2003- 2007 കാലയളവിൽ 30.84 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ ശിക്ഷിച്ചത്.




