ശബരിമല നെയ്യ് ക്രമക്കേട് 11,040 കിലോ മറിച്ചുവിറ്റ കരാറുകാരൻ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടിൽ ട്രാൻസ്പോർട്ട് കരാറുകാരൻ കൊല്ലം പേഴുംതുരുത്ത് സ്വദേശി ബിനു (55) അറസ്റ്റിൽ. ഹൈക്കോടതി നിയോഗിച്ച പ്രത്യേക വിജിലൻസ് സംഘമാണ് പിടികൂടിയത്. നെയ്യ് ക്രമക്കേടിലെ ആദ്യ അറസ്റ്റാണിത്. 50 ലക്ഷം രൂപയുടെ നഷ്ടം ദേവസ്വം ബോർഡിന് ഉണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തൽ.
കഴിഞ്ഞ തീർത്ഥാടന കാലത്ത് പത്തനംതിട്ട മിൽമ ഡെയറിയിൽ നിന്ന് വാങ്ങിയ 11,040 കിലോ നെയ്യിലാണ് ബിനു തട്ടിപ്പ് നടത്തിയത്. മിൽമ നെയ്യ് തമിഴ്നാട്ടിലെ ഒട്ടൻഛത്രത്തുള്ള വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നിവയ്ക്ക് മറിച്ചുവിറ്രു. പകരം നിലവാരം കുറഞ്ഞ നെയ്യ് സന്നിധാനത്ത് എത്തിച്ചു.
കേസിൽ നാലാം പ്രതിയാണ് ബിനു. 2025 നവംബർ 5, ഡിസംബർ 6, 2026 ജനുവരി 5 തീയതികളിലാണ് നെയ്യ് തമിഴ്നാട്ടിലേക്ക് റോഡുമാർഗം കൊണ്ടുപോയത്. ചെക്കു പോസ്റ്റുകളിൽ ബിനു നൽകിയ കൃത്രിമരേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
ദേവസ്വം വിജിലൻസാണ് ക്രമക്കേട് ആദ്യം കണ്ടെത്തിയത്. ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. സമഗ്രാന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. ബിനുവിനെ കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തു.
കൂടുതൽ അറസ്റ്റിലേക്ക്
കഴിഞ്ഞയാഴ്ച ബിനുവിന്റെ വീട്ടിലെ (ശ്രീവിഹാർ) പരിശോധനയിൽ തട്ടിപ്പിന്റെ പ്രധാന രേഖകൾ ലഭിച്ചിരുന്നു. കേസിൽ അന്നത്തെ ബോർഡിനും ദേവസ്വം ഉന്നതോദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് ഇതോടെ തെളിഞ്ഞു. സന്നിധാനത്തെ ദേവസ്വം സൂപ്പർവൈസർ, സ്റ്റോർ മാനേജർ, അരവണ പ്ലാന്റിലെ ഉദ്യോഗസ്ഥർ, തൊഴിലാളികൾ, ട്രാക്ടർ ഡ്രൈവർമാർ എന്നിവരെയും ചോദ്യം ചെയ്തു. കൂടുതൽ അറസ്റ്റ് ഉടനെയുണ്ടാകും.




