NEWS
വാഹനാപകടത്തിൽ 11 കാരിക്ക് ദാരുണാന്ത്യം; അപകടം തെറ്റായ ദിശയിൽ പോയ വാഹനം ഇടിച്ച്, സഹോദരന് പരുക്ക്

മാനന്തവാടി ∙ വയനാട് മാനന്തവാടിയിൽ സഹോദരനൊപ്പം റോഡരികിലൂടെ നടന്നുപോയ വിദ്യാർഥിനി തെറ്റായ ദിശയിൽ പോയ വാഹനം ഇടിച്ച് മരിച്ചു. മാനന്തവാടി – കല്ലോടി റോഡിൽ രണ്ടേനാലിൽ പന്നിച്ചാൽ പടിഞ്ഞാറെപ്പുത്തൻപ്പുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവ രാജേഷ് (11) ആണ് മരിച്ചത്. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. മാനന്തവാടി രണ്ടേനാലിൽ ട്യൂഷന് പോകുകയായിരുന്ന കുട്ടികൾക്ക് നേരെ വാഹനം പാഞ്ഞുകയറുകയായിരുന്നു. അമിതവേഗത്തിലെത്തിയ വാഹനം കുട്ടികളെ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നു. വൈകിട്ട് നാലരയോടെ ഏഴു വയസ്സുകാരനായ അനിയൻ ഡെറിക്കിനൊപ്പം ദിവ ട്യൂഷനു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കല്ലോടി ഭാഗത്ത് നിന്ന് മാനന്തവാടിയിലേക്ക് റോഡിന്റെ ഇടതുവശത്തു കൂടി പോകേണ്ട വാഹനം നിയന്ത്രണം തെറ്റി റോഡിന്റെ വലതുവശത്തു കൂടി പോയി കുട്ടികളെ പിന്നിൽ നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എതിരെ വന്ന ഇരുചക്രവാഹനത്തിലും ഇടിച്ച ശേഷമാണ് വാഹനം മുന്നോട്ടുപോയത്.
Fashion ⏭️




