ദൈവദശകം ആഗോള പ്രാർത്ഥന ഇന്ന്

കൊച്ചി: ശ്രീനാരായണ ഗുരുദേവൻ രചിച്ച വിശ്വസാഹോദര്യ പ്രാർത്ഥനാ ഗീതമായ ദൈവദശകം ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 7.15ന് ലോകത്തിന്റെ വിവിധകേന്ദ്രങ്ങളിൽ പത്ത് ലക്ഷത്തിലേറെപ്പേർ ആലപിക്കും. മലയാളത്തിൽ രചിക്കപ്പെട്ട സമഭാവനയുടെ വിശ്വമാനവിക സന്ദേശഗീതമായ ദൈവദശകം, നൂറിലേറെ ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ടെങ്കിലും പലഭാഷകളിൽ ഒരേസമയം ഇത്രയേറെപ്പേർ ആലപിക്കുന്നത് ആദ്യമാണ്. ഇന്ത്യയിലെ 18 സംസ്ഥാനങ്ങൾക്ക് പുറമേ അൻപതോളം ലോകരാഷ്ട്രങ്ങളിലും മലയാളം, തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, ജർമ്മൻ തുടങ്ങിയ ഭാഷകളിൽ ആലപിക്കും.
1914ൽ ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃത സ്കൂൾ വിദ്യാർത്ഥികൾക്ക് ലളിതമായ നിത്യപ്രാർത്ഥനയ്ക്കായാണ് ഗുരുദേവൻ ദൈവദശകം രചിച്ചത്. കൊല്ലം സ്വദേശിയായ പ്രവാസി മലയാളി ഡോ. വരുൺ രാധാകൃഷ്ണൻ ചെയർമാനായ ജർമ്മനിയിലെ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ് ആണ് പരിപാടിയുടെ മുഖ്യസംഘാടകർ. https://globaldaivadasakam.onlineൽ ലൈവ് സംപ്രേഷണമുണ്ടാകും.




