BUSINESS

അംബാനി സാമ്രാജ്യത്തിന് മുന്നിലെ വെല്ലുവിളി; റിലയൻസിനെ വിറപ്പിച്ച ചാണക്യ തന്ത്രങ്ങൾ, ടാറ്റയിൽ നിന്ന് പടിയിറങ്ങുന്ന എൻ. ചന്ദ്രശേഖരന്റെ സംഭാവനകൾ


ടാറ്റ ​ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുകയാണെന്ന് പ്രഖ്യാപിച്ച് എൻ. ചന്ദ്രശേഖരൻ. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസുമായി കനത്ത കിടമത്സരം കാഴ്ച്ച വെച്ച ശേഷമാണ് അദ്ദേഹത്തിന്റെ വിരമിക്കൽ. ടാറ്റയുടെ പല കമ്പനികളിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വന്ന വ്യക്തിത്ത്വമാണ് എൻ. ചന്ദ്രശേഖരൻ . Simplify (ലളിതവൽക്കരണം), Synergise (ഏകോപനം), Scale (വിപുലീകരണം) എന്ന 3S തത്ത്വത്തിലൂടെ ടാറ്റ ഗ്രൂപ്പിൻ്റെ വിപണി മൂല്യം വൻതോതിൽ വർധിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.എയർ ഇന്ത്യയുടെ തിരികെ വാങ്ങൽ, ഇലക്ട്രിക് വാഹന മേഖലയിൽ ടാറ്റ മോട്ടോഴ്‌സിൻ്റെ ആധിപത്യം, സെമികൺഡക്ടർ മേഖലയിലേക്കുള്ള ചുവടുവെയ്പ്, ടാറ്റ ന്യൂ സൂപ്പർ ആപ്പിൻ്റെ തുടക്കം എന്നിങ്ങനെ ടാറ്റയുടെ ചരിത്രത്തിലെ നിർണായക നീക്കങ്ങൾ എൻ. ചന്ദ്രശേഖരന്റെ കാലത്ത് നടപ്പായവയാണ്.ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയുമായി ടാറ്റ സൺസിൻ്റെ ഭാവി പദ്ധതികളെച്ചൊല്ലി നിലനിന്ന വിയോജിപ്പുകളാണ് എൻ. ചന്ദ്രശേഖരൻ നിലവിൽ സ്ഥാനമൊഴിയുന്നതിന് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2027 ഫെബ്രുവരിയിൽ കാലാവധി അവസാനിക്കാനിരിക്കെ, 2026 ഓഗസ്റ്റിൽ നടന്ന ഭരണസമിതി ചർച്ചകൾക്ക് ശേഷം പുനർനിയമനം തേടേണ്ടതില്ലെന്ന് അദ്ദേഹം സ്വയം തീരുമാനിക്കുകയായിരുന്നു.റിലയൻസുമായുള്ള മത്സരംഎൻ. ചന്ദ്രശേഖരന്റെ കാലത്താണ് ടാറ്റ ഗ്രൂപ്പും മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും തമ്മിലുള്ള മത്സരം ഏറ്റവും രൂക്ഷമായത്. മുൻകാലങ്ങളിൽ ടാറ്റ ഐ.ടി, കാറുകൾ, സ്റ്റീൽ എന്നിങ്ങനെയുള്ള മേഖലകളിലും, റിലയൻസ് പെട്രോകെമിക്കൽസ്, ടെലികോം അടക്കമുള്ള മറ്റ് മേഖലകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ചന്ദ്രശേഖരന്റെ വരവോടെ ടാറ്റ റിലയൻസിന്റെ പുതിയ ബിസിനസുകളിലേക്ക് നേരിട്ട് കടന്നുകയറി.റീട്ടെയിൽ & ഡിജിറ്റൽ മേഖലയിൽ റിലയൻസുമായി ശക്തമായ മത്സരമാണ് ടാറ്റ കാഴ്ച്ച വെച്ചത്. ടാറ്റ ന്യൂ വഴി റിലയൻസിൻ്റെ ജിയോമാർട്ടിനോടും റീടെയിൽ സാമ്രാജ്യത്തോടും മത്സരിച്ചു. ക്ലീൻ എനർജി & വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടും കിടമത്സരം നില നിൽക്കുന്നു. ഇലക്ട്രിക് വാഹനങ്ങളിൽ ടാറ്റയും, പുനരുപയോഗ ഊർജ/ബാറ്ററി മേഖലയിൽ റിലയൻസും വൻ നിക്ഷേപങ്ങൾ നടത്തി.ജിയോയുടെ 45 കോടിയിലധികം വരുന്ന വരിക്കാരെ ഉപയോഗിച്ച് ജിയോമാർട്ട് വഴി റീട്ടെയിൽ, ഡിജിറ്റൽ സേവനങ്ങൾ നൽകുന്നു.ഇതിനിടെ ബിഗ് ബാസ്കറ്റ്, ക്രോമ, 1mg, എയർ ഇന്ത്യ, ടാറ്റ ക്ലിക്ക് തുടങ്ങിയ ടാറ്റയുടെ ബിസിനസുകളെ ഒരൊറ്റ ‘ടാറ്റ ന്യൂ’ ആപ്പിലേക്ക് കൊണ്ടുവന്നത് ചന്ദ്രശേഖരന്റെ കാലത്താണ്. റിലയൻസിന് വലിയ ഉപഭോക്തൃ അടിത്തറയുണ്ടായിരുന്നപ്പോൾ, ടാറ്റ ഉപഭോക്താക്കളുടെ വിശ്വാസ്യതയിലാണ് ഊന്നൽ നൽകിയത്.റീടെയിൽ വസ്ത്രരം​ഗത്ത് റിലയൻസിന് വലിയ സാന്നിദ്ധ്യമാണുള്ളത്. രാജ്യത്തുടനീളം 18,000-ലധികം സ്റ്റോറുകൾ തുറന്നുകൊണ്ട് റിലയൻസ് റീട്ടെയിൽ ഈ മേഖലയിൽ മുന്നിൽ നിൽക്കുന്നു. എന്നാൽ സമീപകാലത്തായി ‘ട്രെന്റ്’ എന്ന തങ്ങളുടെ ബ്രാൻഡ് വഴി ട്രെൻഡിങ് വസ്ത്ര വിപണിയിൽ സുഡിയോ, വെസ്റ്റ്സൈഡ് എന്നിവയിലൂടെ ടാറ്റ വൻ കുതിച്ചുചാട്ടം നടത്തി.നെക്‌സോൺ ഇ.വി, തിയാഗോ ഇ.വി എന്നിവയിലൂടെ ഇന്ത്യയിലെ ഇലക്ട്രിക് പാസഞ്ചർ കാർ വിപണിയുടെ 70% ലധികം വിഹിതം ടാറ്റ പിടിച്ചെടുത്തു. അതേ സമയം കാറുകൾ ഉണ്ടാക്കുന്നതിന് പകരം ഇ.വി ബാറ്ററികൾ, ഗിഗാ ഫാക്ടറികൾ, ഗ്രീൻ ഹൈഡ്രജൻ, ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവ നിർമ്മിക്കുന്നതിലാണ് റിലയൻസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.സെമികൺഡക്ടർ ചിപ്പ് നിർമ്മാണത്തിലേക്കുള്ള ടാറ്റയുടെ ചുവടവെയ്പാണ് മറ്റൊരു നിർണായക നീക്കം. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ടാറ്റ ഗുജറാത്തിലും അസമിലുമായി 10 ബില്യൺ ഡോളറിലധികം നിക്ഷേപത്തിൽ ചിപ്പ് നിർമ്മാണ രംഗത്തേക്ക് കടന്നു. ഇതിലൂടെ ഹൈ-ടെക് മാനുഫാക്ചറിങ്ങിൽ റിലയൻസിനേക്കാൾ മുന്നിലെത്താൻ ടാറ്റയ്ക്ക് സാധിച്ചു.അംബാനി കുടുംബത്തിന് റിലയൻസിൽ പൂർണ്ണ നിയന്ത്രണമുള്ളതിനാൽ തീരുമാനങ്ങൾ വേഗത്തിലായിരുന്നു. എന്നാൽ ടാറ്റയിൽ, ടാറ്റ ട്രസ്റ്റുകളുടെയും മറ്റ് ബോർഡുകളുടെയും അനുമതികൾ ആവശ്യമുള്ളതിനാൽ ചന്ദ്രശേഖരന് പലപ്പോഴും പ്രതിസന്ധികൾ നേരിടേണ്ടി വന്നു. എന്നാൽ ഇത്തരം വെല്ലുവിളികൾക്കിടയിലും അദ്ദേഹത്തിന്റെ വിപ്ലവകരമായ നീക്കങ്ങളിലൂടെ റിലയൻസിന് കടുത്ത വിപണി മത്സരമാണ് നേരിടേണ്ടി വന്നത്.


Read News

Back to top button