NEWS

ബാർ ലൈസൻസ് വിവാദം: എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ സർക്കാർ മാറ്റി

തിരുവനന്തപുരം: സര്‍ക്കാരിന്റെയും എക്‌സൈസ് വകുപ്പ് മന്ത്രിയുടെയും അറിവോ സമ്മതമോ കൂടാതെ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടെ, എക്‌സൈസ് കമ്മിഷണര്‍ സീറാം സാംബശിവറാവുവിനെ സ്ഥാനത്തുനിന്ന് നീക്കി. കമ്മിഷണറുടെ ഏകപക്ഷീയമായ തീരുമാനങ്ങളില്‍ മന്ത്രി എം. ബി. രാജേഷ് പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കമ്മിഷണര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ അഡീഷണല്‍ കമ്മിഷണര്‍ക്കാണ് വകുപ്പിന്റെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് മൂന്ന് ബീയര്‍, വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കിയതും കൊച്ചി വിമാനത്താവളത്തില്‍ രണ്ട് ലൗഞ്ച് ബാറുകള്‍ക്ക് അനുമതി നല്‍കിയതും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുമ്പ് മന്ത്രിയുടെ അറിവില്ലാതെയാണ് ഇത്തരമൊരു നടപടിയുണ്ടായതെന്ന് ചൂണ്ടിക്കാട്ടി രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ വിഷയത്തില്‍ സീറാം സാംബശിവറാവു സമര്‍പ്പിച്ച വിശദീകരണ റിപ്പോര്‍ട്ട് മന്ത്രി തള്ളിക്കളയുകയും ചെയ്തിരുന്നു. കൂടാതെ, ഇന്നലെ മന്ത്രി വിളിച്ചുചേര്‍ത്ത എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കമ്മിഷണര്‍ പങ്കെടുത്തിരുന്നില്ല.

മദ്യനയം നിലവില്‍ വരുന്നതുവരെ പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കരുതെന്ന് ഓഗസ്റ്റ് മാസത്തില്‍ തന്നെ സര്‍ക്കാര്‍ കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവിനെ അവഗണിച്ചുകൊണ്ട് ലൈസന്‍സുകള്‍ അനുവദിച്ചതാണ് കമ്മിഷണര്‍ക്കെതിരായ നടപടിയിലേക്ക് കാര്യങ്ങളെത്തിച്ചത്.

Fashion ⏭️

Back to top button