വാട്സാപ്പിൽ ഇനി പുതിയ ഫീച്ചർ: ഉപയോക്താക്കൾക്ക് ഏറെ പ്രയോജനകരമായ മാറ്റം

പ്രതീകാത്മക ചിത്രം
ഏതൊരു ചടങ്ങും കൃത്യമായി ആസൂത്രണം ചെയ്ത് ഭംഗിയായി നടത്തിത്തീർക്കുക എന്നത് വലിയൊരു അധ്വാനം തന്നെയാണ്. അതിഥികളെ ക്ഷണിക്കുക എന്നത് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ പ്രയാസകരവുമായ ഒന്നാണ്. എന്നാൽ, ഇനി അത്തരം ആശങ്കകൾ വേണ്ട. നിങ്ങളുടെ എല്ലാ ആഘോഷങ്ങളും ചടങ്ങുകളും വളരെ ലളിതമാക്കാൻ വാട്സാപ്പ് പുതിയൊരു ഫീച്ചറുമായി എത്തിയിരിക്കുകയാണ്. വാട്സാപ്പ് അക്കൗണ്ട് ഇല്ലാത്തവർക്ക് പോലും പരിപാടികളിലേക്ക് ക്ഷണം അയക്കാനും, അവരുടെ മറുപടി അതായത് ആർ.എസ്.വി.പി (RSVP) തത്സമയം അറിയാനും സാധിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
വാട്സാപ്പിൽ ഒരു ഇവന്റ് ക്രിയേറ്റ് ചെയ്ത് അതിന് അനുയോജ്യമായ കവർ ഫോട്ടോയും നൽകാം. ഈ ഇവന്റിന്റെ ലിങ്ക് വാട്സാപ്പ് ഉപയോക്താക്കൾക്ക് മാത്രമല്ല, മറ്റ് മാർഗ്ഗങ്ങളിലൂടെ വാട്സാപ്പ് ഇല്ലാത്തവർക്കും അയച്ചു നൽകാൻ സാധിക്കും. വാട്സാപ്പ് ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ ഇവർക്ക് ചടങ്ങിന്റെ വിവരങ്ങൾ കാണാനും, തങ്ങൾ പങ്കെടുക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിയിക്കാനും കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ, ആകർഷകമായ രീതിയിൽ ക്ഷണക്കത്തുകൾ തയ്യാറാക്കാൻ ‘ഇവന്റ്സ് ഹോം’ എന്ന സൗകര്യവും ഇതിൽ ലഭ്യമാണ്. പരിപാടികൾക്ക് എത്തുന്നവർക്ക് ഓർമ്മപ്പെടുത്തലുകൾ അഥവാ റിമൈൻഡറുകൾ നൽകാനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാട്സാപ്പിന്റെ സെറ്റിംഗ്സിൽ പോയി ‘ഇവന്റ്സ്’ തിരഞ്ഞെടുത്താൽ, നിങ്ങൾ സൃഷ്ടിച്ചതോ നിങ്ങൾക്ക് ലഭിച്ചതോ ആയ പഴയതും വരാനിരിക്കുന്നതുമായ എല്ലാ പരിപാടികളുടെയും വിശദാംശങ്ങൾ ഒരിടത്ത് തന്നെ കാണാൻ സാധിക്കും. പരിപാടികളുടെ ലിങ്കുകൾ അജ്ഞാതരായ വ്യക്തികളിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ, ഉപയോക്താക്കളുടെ ഫോൺ നമ്പർ സുരക്ഷിതമായിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. അതിഥികളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി ഫോൺ നമ്പർ മറച്ചുവെക്കാനുള്ള സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.




