നടുറോഡിലെ കാർ അഭ്യാസം: ദൃശ്യങ്ങൾ 2025ലേതെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബദിയടുക്കയിൽ നടുറോഡിലൂടെ ഓടുന്ന കാറിന് മുകളിലും ഉള്ളിലുമായി യുവാക്കൾ അഭ്യാസപ്രകടനം നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ ദൃശ്യങ്ങൾ 2025 ഒക്ടോബറിലേതാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. മാരുതി 800 കാറിൽ യുവാക്കൾ അമിതവേഗതയിൽ സഞ്ചരിക്കുന്നതും കാറിന് പുറത്തേക്ക് ഇറങ്ങി നിന്ന് അപകടകരമായ രീതിയിൽ അഭ്യാസങ്ങൾ കാണിക്കുന്നതും ഉൾപ്പെടെയുള്ള വീഡിയോകൾ പ്രചരിച്ചതോടെ, നാട്ടുകാർ പൊലീസിലും ആർടിഒ അധികൃതർക്കും ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.
പരാതിയെത്തുടർന്ന് ബദിയടുക്ക പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. നിലവിൽ ഈ കാറിന്റെ നാലാമത്തെ ഉടമയാണ് വാഹനം കൈവശം വെച്ചിരിക്കുന്നത്. നിരത്തുകളിൽ ഇത്തരം അഭ്യാസപ്രകടനങ്ങൾ കാഴ്ചവെക്കുന്നത് മറ്റ് യാത്രക്കാരുടെ ജീവന് വലിയ ഭീഷണിയാണെന്നും, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ അമിതവേഗതയിൽ പാഞ്ഞുനടന്ന് നടത്തുന്ന ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി തടയണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.




