NEWS

സ്വർണക്കടത്ത് കേസിലെ നടിക്ക് ക്ഷേത്രത്തിൽ വിഐപി ദർശനം: സർക്കാരിനെതിരെ പ്രതിഷേധം

ബെംഗളൂരു: സ്വർണക്കടത്ത് കേസിലെ പ്രതിയായ കന്നഡ ചലച്ചിത്ര താരം രന്യ റാവുവിന് ക്ഷേത്രത്തിൽ വിഐപി പരിഗണന നൽകിയ സംഭവം വലിയ വിവാദങ്ങൾക്ക് തിരിതെളിച്ചിരിക്കുകയാണ്. ഒക്ടോബർ 31-ന് കർണാടകയിലെ ഹാസൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഹാസനാംബ ക്ഷേത്രത്തിലാണ് നടിയും കുടുംബവും ദർശനം നടത്തിയത്. നടിയുടെ രണ്ടാനച്ഛനും മുൻ ഡിജിപിയുമായ കെ. രാമചന്ദ്ര റാവുവും ഇവർക്കൊപ്പമുണ്ടായിരുന്നു.

മുൻ ഡിജിപി എന്ന നിലയിൽ രാമചന്ദ്ര റാവുവിന് സർക്കാർ അനുവദിച്ചിട്ടുള്ള ഔദ്യോഗിക പ്രോട്ടോക്കോൾ വാഹനത്തിലാണ് രന്യയും സംഘവും ക്ഷേത്രത്തിലെത്തിയത്. സ്വർണക്കടത്ത് പോലൊരു ഗുരുതര കേസിൽ പ്രതിയായി നിൽക്കുന്ന ഒരാൾക്ക് ഔദ്യോഗിക പദവികളുടെ മറവിൽ പോലീസ് സംരക്ഷണത്തോടെ വിഐപി ദർശനം ഒരുക്കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഈ നടപടിയെ വിമർശിച്ചുകൊണ്ട് ബിജെപിയും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തി.

‘‘സംസ്ഥാന സർക്കാരിന്റെ കണ്ണിൽ രന്യ റാവു ഒരു വിഐപി ആയിരിക്കാം. കോൺഗ്രസ് ഭരണകൂടം അവരെ അത്തരത്തിലായിരിക്കും പരിഗണിക്കുന്നത്,’’ എന്ന് ബിജെപി എംഎൽസി സി.ടി. രവി സർക്കാരിനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.

Fashion ⏭️

Back to top button