ക്ലിഫ് ഹൗസ് നീന്തൽക്കുളം നവീകരണം: ഒന്നാം പിണറായി സർക്കാർ നടപടിയിൽ ക്രമക്കേട് ആരോപണം

തിരുവനന്തപുരം ∙ ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ ഭരണകാലത്ത് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽക്കുളം നവീകരിച്ചതുമായി ബന്ധപ്പെട്ടു ഗുരുതരമായ ക്രമക്കേടുകൾ വെളിപ്പെടുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് 29 ലക്ഷം രൂപയുടെ നവീകരണ കരാർ നൽകിയത് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി നേരിട്ട് ഫോണിലൂടെ നിർദേശിച്ചതിനെത്തുടർന്നാണെന്ന വിവരം പുറത്തുവന്നു. വിവരാവകാശ രേഖകൾ പ്രകാരം, 2017 നവംബറിൽ ടൂറിസം ഡയറക്ടർ പുറപ്പെടുവിച്ച നടപടിക്രമങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
നീന്തൽക്കുളത്തിന്റെ നവീകരണവും മേൽക്കൂര നിർമാണവും അടക്കമുള്ള ജോലികൾ ഒരാഴ്ചത്തെ ചെറിയ ഇടവേളയിലാണ് ഊരാളുങ്കലിന് നൽകിയത്. ഒരു മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന നിർദേശം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഫോൺ കോളിലൂടെയാണ് ടൂറിസം ഡയറക്ടറെ അറിയിച്ചത്. ഈ നിർദേശം അനുസരിച്ചാണ് കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയതെന്ന് രേഖകളിൽ പറയുന്നു. എന്നാൽ, അക്കാലയളവിൽ മുഖ്യമന്ത്രിക്ക് അഞ്ച് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ ഉണ്ടായിരുന്നുവെങ്കിലും, ഇവരിൽ ആരാണ് ഈ നിർദേശം നൽകിയതെന്ന് വെളിപ്പെടുത്താൻ ടൂറിസം വകുപ്പ് തയ്യാറായിട്ടില്ല.
ഇതിനു പുറമേ, 2018 മുതൽ 2021 വരെയുള്ള കാലയളവിൽ മാത്രം നീന്തൽക്കുളത്തിന്റെ പരിപാലനത്തിനായി 12.48 ലക്ഷം രൂപ ടൂറിസം വകുപ്പ് അധികമായി ചെലവഴിച്ചിട്ടുണ്ട്. ഇതെല്ലാം കൂടി കണക്കിലെടുക്കുമ്പോൾ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ക്ലിഫ് ഹൗസിലെ നീന്തൽക്കുളം ഉപയോഗിക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്ന് മൊത്തം 41.48 ലക്ഷം രൂപയാണ് ചെലവായത്.




