NEWS

ഡിവൈഎസ്പി റാങ്ക് ലിസ്റ്റ്: എസ്എഫ്ഐ നേതാവിന് ഒന്നാം റാങ്ക്; മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിക്കും പരാതി

തിരുവനന്തപുരം: പി.എസ്‌.സി വഴി നടന്ന ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിൽ ക്രമക്കേട് നടന്നതായി ആരോപണം. മുൻ എസ്‌.എഫ്‌.ഐ നേതാവിന് അനർഹമായ രീതിയിൽ ഒന്നാം റാങ്ക് നൽകി ജോലിയിൽ പ്രവേശിപ്പിച്ചുവെന്നാണ് പ്രധാന പരാതി. പൊലീസ് ബറ്റാലിയൻ കോൺസ്റ്റബിൾ ലിസ്റ്റിൽ പോലും ഇടംപിടിക്കാൻ സാധിക്കാതിരുന്ന, എറണാകുളം മഹാരാജാസ് കോളേജിലെ മുൻ എസ്.എഫ്.ഐ നേതാവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ജിതിൻ കെ.ജെയ്‌ക്കാണ് ഈ നിയമനം ലഭിച്ചിരിക്കുന്നത്.

2025 സെപ്റ്റംബർ മാസത്തിലാണ് ഡിവൈ.എസ്.പി തസ്തികയിലേക്ക് പി.എസ്‌.സി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. ഏകദേശം 17,000ത്തോളം ഉദ്യോഗാർത്ഥികളാണ് ഈ തസ്തികയ്ക്കായി അപേക്ഷ സമർപ്പിച്ചത്.

സാധാരണഗതിയിൽ മാസങ്ങളോളം നീണ്ടുനിൽക്കാറുള്ള നടപടിക്രമങ്ങൾ അസാധാരണമായ വേഗതയിലാണ് പൂർത്തിയാക്കിയത്. ഡിസംബർ 25-ന് എഴുത്തുപരീക്ഷ നടത്തി. തുടർന്ന് 2026 മാർച്ച് 26-ന് ശാരീരികക്ഷമതാ പരീക്ഷയും, ഏപ്രിൽ 26-ഓടെ 35 പേരുടെ അഭിമുഖവും പൂർത്തിയാക്കി. ഇതിനു പിന്നാലെ മേയ് 6-ന് അന്തിമ റാങ്ക് പട്ടികയും പുറത്തിറക്കി. പി.എസ്‌.സി ചെയർമാൻ എം.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ നടന്ന അഭിമുഖത്തിൽ, എഴുത്തുപരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവരെ മറികടക്കാൻ ഉദ്യോഗാർത്ഥിക്ക് ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകിയെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

അതേസമയം, നിയമനത്തിനായി അഡ്വൈസ് മെമ്മോ ലഭിച്ചുവെങ്കിലും ജിതിനെ ഇതുവരെ പൊലീസ് പരിശീലനത്തിന് അയച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, വിജ്ഞാപനം പുറപ്പെടുവിച്ചത് മുതൽ റാങ്ക് പട്ടിക തയ്യാറാക്കിയത് വരെയുള്ള മുഴുവൻ നടപടികളിലും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഔദ്യോഗികമായി പരാതി നൽകി.

Sports ⏭️

Read News ⏭️

Back to top button