NEWS

സൈബർ പ്രതിരോധ കേന്ദ്രങ്ങൾ: ക്ലിക്ക് പദ്ധതിക്ക് തുടക്കം കുറിച്ച് ചെന്നിത്തല

കൊച്ചി: സ്മാർട്ട് ഫോണുകൾ കൈകാര്യം ചെയ്യുന്നതിൽ വേണ്ടത്ര അറിവില്ലാത്തതാണ് പലരെയും സൈബർ തട്ടിപ്പുകാരുടെ ഇരകളാക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. 2027-ഓടെ കേരളത്തെ പൂർണമായും സൈബർ സുരക്ഷിതമായ ഒരു സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസ് തയ്യാറാക്കിയ ‘ക്ലിക്ക്’ (കമ്മ്യൂണിറ്റി ലെഡ് ഇനിഷ്യേറ്റീവ് ഫോർ സൈബർ റെസിലിയന്റ് കേരള) പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വർഷം മാത്രം അൻപത്തിനാലായിരത്തിലധികം സൈബർ തട്ടിപ്പ് പരാതികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ, സൈബർ സുരക്ഷാ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ 250 എൻജിനീയറിംഗ് കോളേജുകളിൽ പ്രത്യേക പ്രതിരോധ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേരള പോലീസിന്റെ ഔദ്യോഗിക സൈബർ സുരക്ഷാ ക്യാപ്ടനായി സൂപ്പർതാരം മമ്മൂട്ടിയെയും ചടങ്ങിൽ പ്രഖ്യാപിച്ചു. വിവിധ കോളേജുകളിൽ നിന്നായി തിരഞ്ഞെടുത്ത 15 വിദ്യാർത്ഥികൾക്ക് മന്ത്രിയും മമ്മൂട്ടിയും ചേർന്ന് ‘സൈബർ ക്യാപ്ടൻ തൊപ്പി’ അണിയിച്ചു നൽകി.

ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, എ.ഡി.ജി.പി പി. വിജയൻ, മേയർ അഡ്വ. വി.കെ. മിനിമോൾ, സിറ്റി പോലീസ് കമ്മിഷണർ ആർ. നിശാന്തിനി തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.

Sports ⏭️

Read News ⏭️

Back to top button