NEWS

സ്വർണ വായ്പകളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ; രജിസ്ട്രേഷൻ നമ്പർ മതിയാകുമോ? വിൽക്കുന്നതിനേക്കാൾ ലാഭകരം പണയം വെക്കലോ

ഇന്ത്യയിലെ സ്വർണപ്പണയ വായ്പാ രംഗത്ത് വരാനിരിക്കുന്നത് വിപ്ലവകരമായ മാറ്റങ്ങളായിരിക്കും. സാധാരണക്കാരുടെ പക്കലുള്ള സ്വർണം കൃത്യമായി പ്രയോജനപ്പെടുത്തിയാൽ അത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ വലിയ തോതിൽ സ്വാധീനിക്കുമെന്ന് മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ.മത്തായി അഭിപ്രായപ്പെട്ടു. കൊച്ചിയിൽ സംഘടിപ്പിച്ച മലയാള മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റിൽ ‘സാമ്പത്തിക മേഖലയിൽ സ്വർണ വായ്പകളുടെ പ്രസക്തി’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണത്തിന്റെ വിപണി മൂല്യത്തിൽ വരും നാളുകളിൽ വലിയ ഇടിവ് സംഭവിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം 5 ട്രില്യൻ യുഎസ് ഡോളർ മൂല്യമുള്ള 34,700 ടൺ സ്വർണം ഇന്ത്യൻ കുടുംബങ്ങളുടെ കൈവശമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൽ 80 ശതമാനവും സാധാരണക്കാരുടെ സമ്പാദ്യമാണ്. സ്വർണാഭരണങ്ങൾ അണിയുന്നതിനൊപ്പം തന്നെ, അവയ്ക്ക് കൃത്യമായ റജിസ്ട്രേഷൻ നമ്പറുകൾ നൽകി ബാങ്കുകളിൽ നിന്നും എളുപ്പത്തിൽ വായ്പ ലഭ്യമാകുന്ന ഒരു നൂതന സംവിധാനം ഉടൻ നിലവിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വർണം വിറ്റ് ഒഴിവാക്കുന്നതിനേക്കാൾ എത്രയോ ലാഭകരമാണ് അത് പണയം വെച്ച് ആവശ്യങ്ങൾ നിറവേറ്റുന്നത്. ഇന്ത്യയിലെ മൊത്തം സ്വർണ വായ്പകളിൽ 65 ശതമാനവും ഇന്നും അസംഘടിത മേഖലയിലാണ് കൈകാര്യം ചെയ്യുന്നത്. ബാങ്കുകളും എൻബിഎഫ്സികളും വഴി നടക്കുന്നത് 35 മുതൽ 40 ശതമാനം വരെ മാത്രമാണ്. ആധുനിക സാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സഹായത്തോടെ തട്ടിപ്പുകൾ തടയുന്നതിനും അതിവേഗം വായ്പകൾ വിതരണം ചെയ്യുന്നതിനും നിലവിൽ സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button