സംസ്ഥാനത്തെ സ്കൂൾ ബസുകളിൽ പരിശോധന: മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി സംസ്ഥാനത്ത് ഉടനീളം മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ മദ്യപിച്ച നിലയിൽ സ്കൂൾ ബസ് ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി. പുലർച്ചെ അഞ്ച് മണി മുതൽ എട്ട് മണി വരെ നീണ്ടുനിന്ന പരിശോധനയിൽ 4,504 സ്കൂൾ ബസുകളാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്.
ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് പാലക്കാട്, മലപ്പുറം ജില്ലകളിലാണ്; ഈ ജില്ലകളിൽ നിന്ന് അഞ്ച് വീതം ഡ്രൈവർമാർ വീതമാണ് പിടിയിലായത്. കോട്ടയത്ത് മൂന്നും, കണ്ണൂരിൽ രണ്ടും ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തു. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, ഇടുക്കി, കൊച്ചി സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ ഓരോ കേസുകൾ വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മദ്യപിച്ചുള്ള ഡ്രൈവിംഗ് വലിയ ദുരന്തങ്ങൾക്കും ജീവഹാനിക്കും വഴിവെക്കുന്നതായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും കർശനമായ വാഹന പരിശോധന തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.




