NEWS

ജയബാലകൃഷ്ണൻ കേസ്: പതിനേഴുകാരന്റെ പേര് ഉൾപ്പെടുത്തിയതിൽ പ്രോസിക്യൂഷൻ വീഴ്ചയെന്ന് ബന്ധുക്കൾ

കൊച്ചി ∙ ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽ കാറിടിച്ചു മധ്യവയസ്കൻ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ, വാഹനമോടിച്ച പതിനേഴുകാരന്റെ സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തിയ പ്രോസിക്യൂഷനെതിരെ കോടതിയുടെ രൂക്ഷവിമർശനം. പ്രായപൂർത്തിയാകാത്തവരുടെ വിവരങ്ങൾ പുറത്തുവിടുന്നത് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷാർഹമാണെന്നിരിക്കെ, കുട്ടിയുടെ പേരും വിലാസവും ഉൾപ്പെടുത്തി പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജുവനൈൽ ജസ്റ്റിസ് ബോർഡ് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്. പിഴവുകൾ തിരുത്തി ഹർജി പുതുക്കി സമർപ്പിക്കാൻ നിർദേശിച്ച കോടതി, വിഷയം നാളെ വീണ്ടും പരിഗണിക്കുമെന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ ജില്ലാ കോടതി വ്യക്തമാക്കി.

അതേസമയം, കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തിനു വേണ്ടി ഹാജരായ അഭിഭാഷകനെ ചൊല്ലി കോടതിമുറിയിൽ നാടകീയ നിമിഷങ്ങൾ അരങ്ങേറി. അഡീഷണൽ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗതയിൽ ഓടിച്ച കാറിടിച്ചാണ് ചേരാനല്ലൂരിൽ തട്ടുകട നടത്തിയിരുന്ന ജയബാലകൃഷ്ണൻ (55) മരണപ്പെട്ടത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ജാമ്യ ഉത്തരവിനെതിരെ പോലീസ് സമർപ്പിച്ച അപ്പീലിൽ ജയബാലകൃഷ്ണന്റെ കുടുംബവും കക്ഷി ചേർന്നിരുന്നു. ഇന്ന് വാദം കേൾക്കുന്നതിനിടെ, കുടുംബാംഗങ്ങളിലൊരാൾ ഹാജരായ അഭിഭാഷകനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു. നിർബന്ധിപ്പിച്ച് വക്കാലത്തിൽ ഒപ്പിടുവിച്ചു എന്നായിരുന്നു പ്രധാന ആരോപണം. ഇതിനെത്തുടർന്ന് ആരാണ് വക്കാലത്ത് നൽകിയതെന്ന് ജഡ്ജി അഭിഭാഷകനോട് ആരാഞ്ഞു. മകളാണ് വക്കാലത്ത് നൽകിയതെന്ന് അദ്ദേഹം മറുപടി നൽകിയതോടെ കോടതി നടപടികൾ മുന്നോട്ടുപോയി.

‘‘ഞങ്ങളുടെ കടയിൽ പതിവായി വരാറുള്ള വ്യക്തിയാണ് അഭിഭാഷകനായ ശ്രീജിത്ത്. അച്ഛനും അമ്മയുമായി വളരെ അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. നിയമനടപടികളെക്കുറിച്ചോ നടപടിക്രമങ്ങളെക്കുറിച്ചോ ധാരണയില്ലാത്ത തുടക്കത്തിൽ നിയമോപദേശം തേടി വിളിച്ചത് അദ്ദേഹത്തെയാണ്. പിന്നീട് നിയമപരമായി മുന്നോട്ടുപോകാൻ തീരുമാനിച്ചപ്പോൾ ഞാൻ തന്നെയാണ് സ്വമേധയാ വക്കാലത്തിൽ ഒപ്പിട്ടു നൽകിയത്’’ – മകൾ ഭദ്ര വ്യക്തമാക്കി.

Fashion ⏭️

Back to top button