BUSINESS

കേരളത്തിൽ ബിസിനസ് വിപ്ലവത്തിന് എഐ കരുത്ത് പകരും: നിർണായക മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത് മാത്യു മുത്തൂറ്റ്

കാലികമായ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാനും മാറുന്ന ആഗോള സാഹചര്യത്തിനനുസരിച്ച് ബിസിനസ് രംഗത്ത് കരുത്തുനേടാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) പിന്തുണയും അനുകൂലമായ വ്യവസായ സൗഹൃദ അന്തരീക്ഷവും അത്യന്താപേക്ഷിതമാണെന്ന് മുത്തൂറ്റ് എംക്രെഡ് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് അഭിപ്രായപ്പെട്ടു. മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് 2026-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വ്യാവസായിക വളർച്ചാ സാധ്യതകളെക്കുറിച്ചും സംരംഭകത്വ മേഖലയിലെ പുതിയ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി പ്രതിപാദിച്ചു. ആധുനിക സാമ്പത്തിക വ്യവസ്ഥയിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരാൻ എഐയ്ക്ക് സാധിക്കുമെന്നും, വലിയ തോതിലുള്ള ഡേറ്റ കൈകാര്യം ചെയ്യുന്ന എംഎസ്എംഇ (MSME) മേഖലയ്ക്ക് ഈ സാങ്കേതികവിദ്യ വലിയ കുതിച്ചുചാട്ടം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിപണിയിലെ ചെറിയ ചുവടുവെപ്പുകളിൽ നിന്നാണ് പലപ്പോഴും വലിയ സാമ്പത്തിക മുന്നേറ്റങ്ങൾ ഉണ്ടാകുന്നതെന്നും, അതിനാൽ സംരംഭങ്ങൾ എഐയെക്കൂടി ഉൾപ്പെടുത്തി മുന്നേറണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

∙ കേരളത്തിന്റെ സാധ്യതകളും തൊഴിലവസരങ്ങളും

സംസ്ഥാനത്തിന്റെ സമ്പൂർണ്ണ ശേഷി ഉപയോഗപ്പെടുത്താൻ ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. തൊഴിൽതേടി യുവാക്കൾ എന്തുകൊണ്ട് കേരളത്തിന് പുറത്തേക്കും വിദേശത്തേക്കും ചേക്കേറുന്നു എന്നത് ഗൗരവകരമായ ചോദ്യമാണ്. കഴിവുള്ള നമ്മുടെ യുവതലമുറയ്ക്ക് ഇവിടെത്തന്നെ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കണം. വിഴിഞ്ഞം തുറമുഖം പോലെയുള്ള വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ, ബിസിനസ് രീതികളിൽ സമൂലമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

∙ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ അനിവാര്യം

കേരളത്തിലെ ബിസിനസ് അന്തരീക്ഷം കൂടുതൽ ഉദാരവും സംരംഭക സൗഹൃദവുമാകണം. സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തടസ്സങ്ങളില്ലാതെ അത് നടപ്പിലാക്കാൻ കഴിയണം. സർക്കാർ നയങ്ങൾ ബിസിനസ് ചെയ്യുന്നവർക്ക് പ്രതിബന്ധങ്ങളാകാതെ, സംരംഭങ്ങളെ വളർത്താൻ സഹായിക്കുന്ന രീതിയിലായിരിക്കണം മാത്യു മുത്തൂറ്റ് പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി പുതിയ പരീക്ഷണങ്ങൾക്ക് സംരംഭകർ മുതിരണം. ജപ്പാൻ, കൊറിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്ക് സമാനമായ ആഗോള നിലവാരമുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും നിർമ്മിക്കാൻ മലയാളികൾക്ക് കഴിയണം. പ്രതിസന്ധികളെ അതിജീവിച്ച് ആഗോള ചിന്താഗതിയിലേക്ക് മാറാൻ സംരംഭകർ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സമ്മിറ്റിന്റെ ഉദ്ഘാടനം കല്യാൺ ജ്വല്ലേഴ്സ് എംഡി ടി.എസ്. കല്യാണരാമൻ നിർവഹിച്ചു. ഭാവിയിൽ വളർച്ചാ സാധ്യതയുള്ള മേഖലകളെക്കുറിച്ച് മാർസിലസ് ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് സ്ഥാപകൻ സൗരഭ് മുഖർജി മുഖ്യപ്രഭാഷണം നടത്തി. നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് എംഡി തോമസ് ജോൺ, വിഎസ്ടി ടില്ലേഴ്സ് സിഇഒ ആന്റണി ചെറുകര, മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ. മത്തായി, സുപ്ര പസിഫിക് ഫിനാൻഷ്യൽ സർവീസസ് സിഇഒ മനോജ് രവി, ഹോംസ് ഇക്വിറ്റീസ് പ്രിൻസിപ്പൽ ഓഫീസർ സജി മാത്യൂസ് തുടങ്ങിയ പ്രമുഖർ തങ്ങളുടെ അനുഭവങ്ങളും അറിവുകളും സദസ്സുമായി പങ്കുവെക്കും. സമാപന സമ്മേളനത്തിൽ കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും വെല്ലുവിളികളും എന്ന വിഷയത്തിൽ ഫെഡറൽ ബാങ്ക് ചെയർമാൻ ഏലിയാസ് ജോർജ് പ്രസംഗിക്കും.

പുത്തൻ തലമുറയിലെ മലയാളി സംരംഭകരുടെ സാന്നിധ്യമാണ് ഈ സമ്മിറ്റിന്റെ പ്രധാന സവിശേഷത. റിവർ മൊബിലിറ്റിയുടെ സഹസ്ഥാപകൻ അരവിന്ദ് മണി, പ്രിവലന്റ് എഐ സഹസ്ഥാപകൻ അരുൺ രാജ്, എൽ സോൾ പവർ സൊല്യൂഷൻസ് എംഡി ടിൻസു മാത്യു തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും. കൂടാതെ ജോർഡൻ (കിങ്സ് മറീൻ പ്രോഡക്ട്സ്), നീന റോബി (ഫൈബർവേൾഡ്), രാഹുൽ മാമൻ ഏബ്രഹാം (കേരളാ ഏയ്ഞ്ചൽ നെറ്റ്‌വർക്), നൗറീൻ ഐഷ (ഫെമിസേഫ്), റമീസ് അലി (ക്രാവ്) തുടങ്ങി ഒട്ടേറെ യുവസംരംഭകരും പങ്കാളികളാകും. മുത്തൂറ്റ് എംക്രെഡ് ആണ് സമ്മിറ്റിന്റെ ടൈറ്റിൽ സ്പോൺസർ. സുപ്ര പസിഫിക് ഫിനാൻഷ്യൽ സർവീസസ് പവേഡ് ബൈ സ്പോൺസറായും, നബാർഡ്, ഹോംസ് ഇക്വിറ്റീസ് എന്നിവർ അസോഷ്യേറ്റ് സ്പോൺസർമാരായും സമ്മിറ്റിൽ സഹകരിക്കുന്നു.

Travel ⏭️

Back to top button