BUSINESS

ടാറ്റയിൽ അണിയറയിൽ നടക്കുന്നത് എന്ത്? ചന്ദ്രശേഖരൻ-ടിവിഎസ് കരാർ വിവാദവും നോയൽ ടാറ്റയുടെ കത്തീട്ടിരിക്കുന്ന വെല്ലുവിളിയും

ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ടിവിഎസ് ഗ്രൂപ്പും തമ്മിലുള്ള ബന്ധമെന്താണ്? ടാറ്റ സൺസിലെ ആഭ്യന്തര കലഹം കൂടുതൽ സങ്കീർണ്ണമാക്കിക്കൊണ്ട് ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ ഉന്നയിച്ച ചോദ്യമാണിത്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ടാറ്റ സൺസിന് പ്രത്യേക ഇളവുകളൊന്നും നൽകാനാവില്ലെന്ന് റിസർവ് ബാങ്ക് കർശനമായി നിലപാടെടുത്തതിന് തൊട്ടുപിന്നാലെയാണ് നോയലിന്റെ ഈ നിർണ്ണായക ഇടപെടൽ.

ടാറ്റ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ മൂന്നാം തവണയും നിയമിച്ചത് നിയമവിരുദ്ധമാണെന്ന് നോയൽ ടാറ്റ വാദിക്കുന്നു. ചന്ദ്രശേഖരന് പുനർനിയമനം നൽകിയ സെപ്റ്റംബർ 17-ലെ ഡയറക്ടർ ബോർഡ് യോഗത്തിന്റെ പൂർണ്ണരൂപം ആവശ്യപ്പെട്ട് ടാറ്റ സൺസ് കമ്പനി സെക്രട്ടറി സുപ്രകാശ് മുഖോപാധ്യയ്ക്ക് അദ്ദേഹം കത്ത് നൽകി. ചന്ദ്രശേഖരന്റെ കുടുംബവും ടിവിഎസ് ഗ്രൂപ്പും തമ്മിലുള്ള വാണിജ്യപരമായ ബന്ധങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ടാറ്റ സൺസ് ഡയറക്ടർ ബോർഡ് അംഗമായ വേണു ശ്രീനിവാസന്റെ നിയന്ത്രണത്തിലുള്ളതാണ് ടിവിഎസ് ഗ്രൂപ്പ്. നോയലിന്റെ ഈ നീക്കം ബോർഡ് അംഗങ്ങൾ തമ്മിലുള്ള തർക്കത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചന്ദ്രശേഖരന് അഞ്ച് വർഷത്തേക്ക് കൂടി എക്സിക്യൂട്ടീവ് ചെയർമാനായി തുടരാൻ നൽകിയ അവസരം ടാറ്റായുടെ ഭരണഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് നോയലിന്റെ നിലപാട്. നോയലുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിൽ, താൻ സ്ഥാനത്തു തുടരാനില്ലെന്ന് ചന്ദ്രശേഖരൻ നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും പിന്നീട് ആ തീരുമാനത്തിൽ നിന്ന് അദ്ദേഹം പിന്നോട്ടുപോവുകയായിരുന്നു. ടാറ്റ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമോ എന്നതടക്കമുള്ള വിഷയങ്ങളാണ് തർക്കങ്ങൾക്ക് പ്രധാന കാരണം.

ടാറ്റയുടെ ‘ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ’ പ്രകാരം ചെയർമാനെ നിയമിക്കാൻ പ്രത്യേക സെലക്ഷൻ കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. സെക്ഷൻ 118 പ്രകാരം പുതിയ ചെയർമാനെ കണ്ടെത്താനുള്ള സമിതിയെ ഇതുവരെയും നിയമിച്ചിട്ടില്ല. ഓഗസ്റ്റ് 13 മുതൽ തന്നെ ഈ ആവശ്യം ടാറ്റ സൺസിന് മുന്നിലുണ്ടെങ്കിലും, അത് പരിഗണിക്കാതെ ചന്ദ്രശേഖരന് വീണ്ടും നിയമനം നൽകിയത് ചട്ടവിരുദ്ധമാണെന്ന് നോയൽ ആരോപിക്കുന്നു. ഡയറക്ടർ ബോർഡിൽ മതിയായ ചർച്ചകളോ വോട്ടെടുപ്പോ നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ചന്ദ്രശേഖരന്റെ ഭാര്യ ലളിതയും മകൻ പ്രണവും ഡയറക്ടർമാരായ ‘ഹനോ വൺ വെയർ ഹൗസിങ്’ എന്ന കമ്പനി ടിവിഎസ് മോട്ടോറുമായി അടുത്തിടെ വലിയൊരു കരാറിൽ ഒപ്പുവെച്ചിരുന്നു. ടിവിഎസ് ഗ്രൂപ്പിനായി തമിഴ്നാട്ടിലും കർണാടകയിലുമായി വെയർഹൗസുകളും ഇൻഡസ്ട്രിയൽ പാർക്കും നിർമ്മിക്കാൻ 436 കോടി രൂപയുടെ കരാറാണ് ഹനോയ്ക്ക് ലഭിച്ചത്. ഈ വിവരം ഡയറക്ടർ ബോർഡ് യോഗത്തിൽ മറച്ചുവെച്ചത് ‘കോൺഫ്ളിക്ട് ഓഫ് ഇന്ററസ്റ്റ്’ അഥവാ താല്പര്യങ്ങളുടെ സംഘർഷം സംബന്ധിച്ച ചട്ടങ്ങളുടെ ലംഘനമാണെന്നാണ് നോയലിന്റെ ആക്ഷേപം. ബോർഡ് അംഗവുമായുള്ള ഈ ബിസിനസ് ബന്ധം അറിയാതെയാണോ ചന്ദ്രശേഖരന് പുനർനിയമനം നൽകിയതെന്ന ഗുരുതരമായ ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.

Travel ⏭️

Back to top button