ഭീഷണിയായി ഓർണബ് ചുഴലിക്കാറ്റ്; ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകൾക്ക് മുന്നറിയിപ്പ്

കോട്ടയം നഗരത്തിൽ പെയ്ത ശക്തമായ മഴയിലും മാലിന്യം നീക്കം ചെയ്യുന്ന ജോലിയിൽ മുഴുകിയ നഗരസഭാ ജീവനക്കാരൻ (ഫോട്ടോ: ശ്രീകുമാർ ആലപ്ര)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി അതിശക്തമായ ‘ഓർണബ്’ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നു. ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങും. തുടർന്ന് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒക്ടോബർ 28ന് ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ് – യാനം തീരങ്ങൾക്കിടയിലൂടെ ബാപട്ലക്കും വിശാഖപട്ടണത്തിനും ഇടയിലെത്തും. ഇവിടെ അതിശക്തമായ ചുഴലിക്കാറ്റായി മാറി കരയിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ട്. മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത്തിൽ വീശാനും സാദ്ധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
ഇക്കാരണത്താൽ ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
English Summary
The India Meteorological Department has issued yellow alerts for Thiruvananthapuram, Kollam, Pathanamthitta, Kottayam and Idukki, warning of isolated heavy rainfall, thunderstorms and winds reaching 30–40 km/h. Cyclone Ornab over the central-western Bay of Bengal is forecast to approach the Andhra Pradesh–Yanam coast by October 28, with wind speeds potentially reaching 140 km/h.
RELATED TOPICS: KERALA RAIN ALERT TODAY, KERALA YELLOW ALERT, THIRUVANANTHAPURAM RAIN WARNING, CYCLONE ORNAB, KERALA WEATHER NEWS
Read News ⏭️




